സ്വന്തം ലേഖകൻ
തൃശൂർ: പുലിക്കൂട്ടങ്ങൾ മടവിട്ട് പുറത്തു ചാടാൻ ഒരുങ്ങിക്കഴിഞ്ഞു. ആറു മടകളിൽ പുലിയൊരുക്കം അവസാന ഘട്ടത്തിൽ. കഴിഞ്ഞ വർഷം കാണാൻ കഴിയാതെ പോയ പുലിക്കളി ഇത്തവണ പുപ്പുലിക്കളിയാക്കാൻ എല്ലാ ഒരുക്കങ്ങളും പൂർണം.
ആറു ടീമുകളിലായി മുന്നൂറിൽ താഴെ പുലികൾ നാളെ വൈകുന്നേരത്തോടെ മടവിട്ടിറങ്ങി നഗരത്തിലെത്തും. അയ്യന്തോൾ, തൃക്കുമാരംകുടം എന്നീ ടീമുകൾക്ക് പുറമെ കോട്ടപ്പുറത്തു നിന്നും വിയ്യൂരിൽ നിന്നും നിന്ന് രണ്ടു ടീമുകളും പുലികളെയും കൊണ്ടെത്തും.
നാളെ നേരം പുലരുന്നതോടെ പുലിവരയും തുടങ്ങും. നരൻ നരിയായി മാറുന്ന പുലിവരക്കാഴ്ച കാണാനും ആളുകളെത്താറുണ്ട്. വിയ്യൂർ ദേശത്തിന്റെ പുലിപ്പടയിൽ ഇത്തവണയും പെണ്‍പുലികളുണ്ട്. നാല് പെണ്‍പുലികളാണ് ഇത്തവണ വിയ്യൂർ ദേശത്തിനൊപ്പം ചുവടുവെക്കുക.അന്‍പത്തിയൊന്ന് പുലികളാണ് വിയ്യൂർ ദേശത്തെ മടയിൽ നിന്നും നഗരത്തിലെത്തുക.
നാല് കുട്ടിപ്പുലികളാണ് വിയ്യൂർ സെന്ററിന്റെ പുലിടീമിലെ ആവേശം.പുലികൾക്ക് പകരം പുലിവണ്ടിയിൽ ഇതുവരെ കാണാത്ത പുതുമയുണ്ടെന്നും അത് നാളെ കാണാമെന്നും കോട്ടപ്പുറം സെന്ററിലെ പുലികൾ പറയുന്പോൾ കാണാൻ കൊതിയേറുന്നു.രണ്ടു കൊല്ലം കൂടി കഴിഞ്ഞാൽ പുലിക്കളിയിൽ മുപ്പതാണ്ടിന്റെ മഹിമ പറയാൻ കെൽപുമായി 28-ാം വർഷമാണ് കോട്ടപ്പുറം ദേശമെത്തുന്നത്.
അഞ്ചുവയസിൽ താഴെയുള്ള മൂന്ന് കുഞ്ഞുപുലികളാണ് തൃക്കുമാരംകുടത്തിന് കാഴ്ചവെക്കാനുള്ളത്.41 പുലികളാണ് ഇവർക്കാകെയുള്ളത്.എണ്ണത്തിലേ കുറവുള്ളു കൽയിലും ആവേശത്തിലും കുറവില്ലെന്ന് പുലികൾ ഗർജ്ജിക്കുന്നു. ഇരയുടെ ശരീരാവയവങ്ങൾ കടിച്ചുമുറിച്ചെടുക്കുന്ന ഒറിജിനൽ പുലികളുടെ സ്വഭാവത്തിന് പകരം സ്വന്തം ശരീരത്തിലെ അവയവങ്ങൾ ദാനം ചെയ്യാൻ സമ്മതിച്ച് അയ്യന്തോളിലെ പുലികൾ നഗരം വാഴും.
സർക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവിനിയിലേക്ക് 51 പുലികളും സമ്മതപത്രം നൽകിയാണ് പുലിച്ചുവടുവെക്കുക.ആറു ടീമുകളും പുലിച്ചമയങ്ങൾ പ്രദർശിപ്പിച്ചു. അതാത് തട്ടകങ്ങളിലും ഇന്ന് പ്രദർശനമുണ്ട്.
നാളെ വൈകീട്ട് 4.30ന് ആദ്യ ടീം നഗരത്തിൽ സ്വരാജ് റൗണ്ടിൽ കയറും.
പിന്നെ നഗരം പുലിനഗരമാകും.. .ആൾക്കൂട്ടങ്ങളെ വിറപ്പിച്ച് പുലിപ്പട ശക്തന്റെ തട്ടകം വാഴും….