സ്വന്തം ലേഖകൻ
തൃശൂർ: ഈ ലോക്ക്ഡൗണ്‍ കാലം കൃഷിക്കൊപ്പമായാലോ…പുറത്തിറങ്ങി കൃഷി ചെയ്യാൻ പറ്റാത്ത സാഹചര്യമായതിനാൽ കൃഷി വീടിന്റെ മട്ടുപ്പാവിലാക്കാമെന്ന പ്രഖ്യാപനവുമായി അക്വാപോണിക്സ് കൃഷിയിലേക്കിറങ്ങുന്നതു പുലികളാ ണ്. അയ്യന്തോൾ ദേശം പുലിക്കളി സംഘമാണ് അക്വാപോണിക്സ് കൃഷിരീതിയെ ഈ ലോക്ക്ഡൗണ്‍ കാലത്ത് കൂടുതൽ പ്രചരിപ്പിക്കാൻ ചുവടുവെയ് ക്കുന്നത്.
പുറത്തിറങ്ങാൻ പറ്റാത്തതുകൊണ്ട് വാട്സാപ്പും ഫേസ് ബുക്കും വഴിയാണ് അക്വാപോണിക്സ് കൃഷിയെക്കുറിച്ച് അയ്യന്തോൾ ദേശം പുലിക്കളി സംഘം വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നത്. പുലിക്കളി സംഘാടകസമിതി അംഗവും ബാങ്ക് ഉദ്യോഗസ്ഥനുമായ രജീഷ് നെടുന്പിള്ളിയാണ് ഈ ആശയത്തിനു ചുക്കാൻപിടിക്കുന്നത്.
സ്വന്തം വീടിന്റെ മട്ടുപ്പാവിൽ രണ്ടുവർഷമായി രജീഷ് അക്വാപോണിക്സ് കൃഷി നടത്തി വിജയം കണ്ടപ്പോഴാണ് ആറു മാസം മുന്‍പ് പുലിക്കളി സംഘം ഇതേറ്റെടുത്ത് കൂടുതൽ വീടുകളിലെത്തിക്കാൻ തീരുമാനിച്ചത്. പതിനഞ്ചോളം വീടുകളിൽ ഇതു നടപ്പാക്കിക്കഴിഞ്ഞു.
ലോക്ക്ഡൗണും നിയന്ത്രണങ്ങളുമൊക്കെ കാരണം പച്ചക്കറി കിട്ടാനില്ലാത്ത സാഹചര്യമുണ്ടായാൽ അതിനെ നേരിടാൻ കൂടുതൽ വീടുകളിലേക്കും ഫ്ലാറ്റുകളിലേക്കും അക്വാപോണിക്സ് കൃഷിരീതി വ്യാപിപ്പിക്കാനാണ് ഇപ്പോൾ പുലിക്കളി സംഘത്തിന്റെ തീരുമാനം.
ആഴ്ചയിൽ രണ്ടുദിവസം ജൈവ പച്ചക്കറി ചന്ത സംഘടിപ്പിക്കാനും പദ്ധതിയുണ്ട്. വാട്സാപ്പും ഫേസ്ബുക്കും വഴി നടത്തിയ പ്രചാരണം ഗുണം കണ്ടുതുടങ്ങിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ ആയതിനാൽ ആളുകൾ ഇതേക്കുറിച്ചു ചോദിച്ച് വിളിക്കുകയും ഈ കൃഷിരീതി തുടങ്ങാൻ താല്പര്യം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് സെക്രട്ടറി കണ്ണൻ പറന്പത്ത് പറഞ്ഞു.
ഇവരുടെ പ്രവർത്തനങ്ങളറിഞ്ഞ കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ ഇരുനൂറോളം വീടുകളിലേക്കുവേണ്ട വിത്തുകൾ സംഘടിപ്പിച്ച് നൽകാമെന്നു സമ്മതിച്ചിട്ടുണ്ട്.
ലോക്ക്ഡൗണ്കഴിഞ്ഞാലും അയ്യന്തോൾ പുലിക്കളി സംഘം വിതച്ച ഈ ആശയം വീടുകളുടെ മട്ടുപ്പാവിൽ വിളഞ്ഞുനിൽക്കും.