സിപിഎം ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനെ വിറപ്പിച്ച കളമശ്ശേരി എസ്‌ഐ അമൃത് രംഗനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. എന്നാല്‍ തന്റേടത്തില്‍ അമൃത് രംഗനെ വരെ കടത്തിവെട്ടുന്നയാളാണ് പുളിക്കീഴ് സിഐ പീറ്റര്‍. എല്ലാ രാഷ്ട്രീയക്കാരുടെയും പേടി സ്വപ്‌നമാണ് ഈ നട്ടെല്ലു വളയാത്ത ഈ പോലീസുകാരന്‍.
പീറ്റര്‍ ഏറ്റവുമധികം തലവേദന സൃഷ്ടിച്ചിരിക്കുന്നതും സിപിഎമ്മിനു തന്നെയാണ്.പാര്‍ട്ടിക്കാരന് വേണ്ടി ശുപാര്‍ശയുമായി വന്ന സിപിഎം തിരുവല്ല ഏരിയ സെക്രട്ടറി ഫ്രാന്‍സിസ് വി ആന്റണിയോട് ഇന്‍സ്‌പെക്ടര്‍ പറഞ്ഞത് നിങ്ങളുടെ പേരില്‍ രണ്ടു വാറണ്ട് ഉണ്ടെന്നാണ്. ഉടന്‍ പോയി ജാമ്യമെടുത്തു കൊള്ളുക. ഇല്ലെങ്കില്‍, പിടിച്ച് അകത്തിടേണ്ടി വരുമെന്ന് താക്കീതും നല്‍കി. ഭയന്നു പോയ ഏരിയ സെക്രട്ടറി ഉടന്‍ തന്നെ ജാമ്യം എടുത്തു. അതിന് ശേഷമാണ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആര്‍ സനല്‍കുമാര്‍ പീറ്ററിനെ വിരട്ടാന്‍ എത്തിയത്. വിരണ്ടില്ലെന്ന് മാത്രമല്ല, ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തെ മൈന്‍ഡ് ചെയ്തതു പോലുമില്ല.
ശുപാര്‍ശയുമായി വന്ന ഏരിയാ നേതാവ് ബാലകൃഷ്ണനെ സ്റ്റേഷന്‍ മുറ്റത്ത് നിന്ന് ഓടിക്കുകയും ചെയ്തു. പിണറായിയുടെ സ്വന്തം ആളാണ് താനെന്ന് പറഞ്ഞ് നടക്കുന്ന നേതാവാണ് ആര്‍ സനല്‍കുമാര്‍. തന്നെ അപമാനിച്ച പീറ്ററിനെ തൊടാന്‍ പോലും ഇയാള്‍ക്ക് കഴിഞ്ഞിട്ടില്ല. പീറ്ററിന്റെ നിലപാടുകള്‍ കാരണം ഇപ്പോള്‍ സ്റ്റേഷനില്‍ കയറാന്‍ രാഷ്ട്രീയക്കാര്‍ക്ക് ഭയമാണ്. ഒരു പാര്‍ട്ടിക്കാരനെയും ഇദ്ദേഹം അടുപ്പിക്കുന്നില്ല. ബിജെപിയുടെ ഒരു നേതാവ് ചെറിയ ശുപാര്‍ശയുമായിട്ടാണ് ഇന്‍സ്‌പെക്ടറെ വിളിച്ചത്. മറുപടി കേട്ട് നേതാവ് കണ്ടംവഴി ഓടിയെന്നാണ് വിവരം. ലൈസന്‍സില്ലാതെ ബൈക്കും തള്ളി നടക്കുന്ന പൂവാലന്മാര്‍ക്ക് മാതൃകാ പരമായ ശിക്ഷയാണ് പീറ്റര്‍ നല്‍കുന്നത്. പിഴയോ ഭീഷണിയോ ഒന്നുമില്ല.
500 പേജിന്റെ ഒരു ബുക്ക് വാങ്ങിപ്പിക്കും. പേജ് തീരുന്നതു വരെ ഇമ്പോസിഷന്‍ എഴുതിപ്പിക്കും. ഞാന്‍ മേലാല്‍ ലൈസന്‍സില്ലാതെ വണ്ടി ഓടിക്കില്ല, ഗതാഗത നിയമം ലംഘിക്കില്ല എന്നതാണ് ഇമ്പോസിഷന്റെ വാചകം. പീറ്ററിനെ കൊണ്ട് രാഷ്ട്രീയക്കാര്‍ പൊറുതി മുട്ടി എങ്കിലും നാട്ടുകാര്‍ക്ക് നല്ല അഭിപ്രായമാണ്. പരുമല പമ്പ കോളജില്‍ ജീവനക്കാരിക്ക് നേരെ സിപിഎമ്മുകാര്‍ സദാചാര ആക്രമണം നടത്തിയപ്പോള്‍ ശക്തമായ നിലപാടാണ് പീറ്റര്‍ സ്വീകരിച്ചത്.
ഈ നിലപാട് കാരണമാണ് പിന്നീട് സിപിഎമ്മിന് കേസൊതുക്കാന്‍ ആര്‍എസ്എസിന്റെ കാലുപിടിക്കേണ്ട ഗതികേടുണ്ടാക്കിയത്. പാര്‍ട്ടിക്ക് ഇത്രയധികം ദോഷം ചെയ്ത ഇന്‍സ്‌പെക്ടറെ പറപ്പിക്കാന്‍ നോക്കിയിട്ടും നടക്കാത്ത മാനക്കേടിലാണ് തിരുവല്ലയിലെ സിപിഎം നേതാക്കള്‍. ഇപ്പോള്‍ കഴിവതും പുളിക്കീഴ് സ്റ്റേഷനിലേക്ക് നേതാക്കള്‍ വിളിക്കുകയോ പോവുകയോ ചെയ്യാറില്ല. എസ്‌ഐ അമൃത രംഗന്‍ താരമാകുന്നതിന് മുമ്പേ തന്നെ പീറ്റര്‍ താരമായിരുന്നു എന്നതാണ് വാസ്തവം.