തിരുവല്ല: കടൽ മൽസ്യങ്ങളുടെ വിൽപന ഇടിഞ്ഞതോടെ പുളിക്കീഴിൽ ആറ്റുമത്സ്യങ്ങൾക്ക് ആവശ്യക്കാരേറി. ശുദ്ധമായ മത്സ്യം ലഭിക്കുന്നതിന്റെ പേരിൽ പുളിക്കീഴിൽ നാളുകളായി ആറ്റുമത്സ്യങ്ങൾക്കു വില്പനയേറിയിട്ടുണ്ട്.
കടൽ മൽസ്യങ്ങൾ കേടാകാതിരിക്കാൻ ഫോർമലിൻ, സോഡിയം ബെൻസോയേറ്റ്, അമോണിയ തുടങ്ങിയ മാരക വിഷങ്ങൾ തളിച്ചുകൊണ്ടാണ് മാർക്കേറ്റിൽ എത്തുന്നതെങ്കിൽ പുളിക്കീഴിലെ ആറ്റു മൽസ്യങ്ങൾ പുലർച്ചെ പന്പ നദിയിൽ നിന്നു പിടിച്ചു കൊണ്ടുവന്ന് വിൽപന നടത്തുന്നതാണ്.
പുളിക്കീഴ് പാലത്തിനു സമീപം രണ്ടിടങ്ങളിലായി പച്ച ആറ്റു മൽസ്യങ്ങൾ ലഭിക്കും. കരിമീൻ, കാരി, വരാൽ, പള്ളത്തി, പരൽ, കൂരി, വാള, തൂളി, വാഹ, കല്ലുമുട്ടി, ആരകൻ ,കുറുവാ, വളർത്ത് മൽസ്യങ്ങളായ കട്ലാ, രോഹൂ, തിലോപ്പിയ, സൈപ്രസ്, തുടങ്ങിയ മൽസ്യങ്ങൾ ഇവിടെ നിന്ന് ലഭിക്കും.രാവിലെ ഏഴിനാരംഭിക്കുന്ന മൽസ്യവിൽപന ഉച്ചയ്ക്ക് ഒന്നര വരെ നീളും.
കുറഞ്ഞ വിലയിൽ പച്ച മത്സ്യങ്ങൾ മായം കലർത്താതെ ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്. കരിമീന് 250 രൂപ മുതൽ 500 രൂപ വരെയാണ് വില. ചെറുമൽസ്യങ്ങൾ 80 രൂപ മുതൽ ലഭിക്കും തൂളിയ്ക്ക് 100 രൂപ മാത്രമാണ് വില, അത് എത്ര വലിപ്പം ഉള്ളതാണെങ്കിലും നൂറ് രൂപയ്ക്ക് തൂളി ലഭിക്കും. വാള കിലോയ്ക്ക് 300 മുതലാണ് വില, വലിയ കൊഞ്ചിനാണെങ്കിൽ അൽപം വില കൂടും.400 മുതലാണ് ഇതിന്റെ വില.
ഇങ്ങനെയൊക്കെയാണ് ഇവിടത്തെ വില പന്പാനദിയിലും പാടങ്ങളിലും വലയിട്ട് പുലർച്ചെ വലപൊക്കി ലഭിക്കുന്ന മൽസ്യങ്ങളും പെരും കൂടുകളിലും മറ്റും ലഭിക്കുന്ന മൽസ്യങ്ങളാണ് ഇവിടെ വിൽപന നടത്തുന്നത്. പുറമേ നിന്നു വരുന്ന മൽസ്യങ്ങൾ ഇവിടെ വിൽപന നടത്താറില്ല. പുളിക്കീഴ്, ചക്കുളം, പന്നായി പാലം തുടങ്ങിയ കടവുകളിൽ വള്ളക്കാർ പിടിച്ചു കൊണ്ടുവരുന്ന മൽസ്യങ്ങളാണ് ഇവിടെ വിൽക്കുന്നത്.
ഇത് കൊണ്ട് പുളിക്കീഴിലെ ആറ്റു മൽസ്യങ്ങൾ ഒരു സംശയം കൂടാതെ വാങ്ങി ഭക്ഷിക്കാമെന്ന പ്രത്യേകതയുമുണ്ട്. ഇത് കൂടാതെ അപ്പർകുട്ടനാടൻ മേഖലകളിൽ വീടുകളിൽ മൽസ്യങ്ങൾ വിൽക്കുന്നുണ്ട്.വലയും കൂടുകളും ഉള്ളവർ ജീവനോടെ മൽസ്യങ്ങൾ തങ്ങളുടെ വീടുകളിൽ എത്തുന്നവർക്ക് നൽകുന്നുണ്ട്.
കടവുകളിൽ നിന്ന് ആറ്റു മൽസ്യങ്ങൾ വാങ്ങി വീടുവീടാന്തരം വിൽപന നടത്തുന്ന സംഘങ്ങളും അപ്പർകുട്ടനാട്ടിൽ ഉണ്ട്. പൊടി മൽസ്യങ്ങൾ വീശി പിടിച്ച് ഉടൻ തന്നെ വിൽക്കന്നവരും ഇവിടെ സജീവമാണ്. പുളിക്കീഴിൽ വിൽക്കുന്ന മൽസ്യങ്ങൾ കൂടുതലായും വാങ്ങുന്നത് വഴിയാത്രക്കാരാണ്.