മണ്ണാർക്കാട് : പുലി ശല്യം രൂക്ഷമായ തത്തേങ്ങലം കൽക്കടിയിൽ ഇന്നലെ വൈകുന്നേരം ആറരയോടെ വനംവകുപ്പ് പുലിക്കൂട് സ്ഥാപിച്ചു.
മണ്ണാർക്കാട് ഡിഎഫ്ഒ എസ്.സുർജിത്തിന്റെ നേതൃത്വത്തിലുള്ള ആർആടി ടീമും ആനമൂളി ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ചേർന്നാണ് കൽക്കടിയിൽ പുലിക്കൂട് സ്ഥാപിച്ചത്.
തെങ്കര ഗ്രാമപഞ്ചായത്തിലെ തത്തേങ്ങലം മേഖലയിൽ പുലി ശല്യം രൂക്ഷമായതിനെ തുടർന്ന് ജനങ്ങൾ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.
തുടർന്ന് കഴിഞ്ഞ ദിവസം മേഖല എൻ.ഷംസുദ്ദീൻ എംഎൽഎ സന്ദർശിച്ചു. ജനങ്ങളും ഉദ്യോഗസ്ഥരും പുലിയെ നേരിട്ട് കണ്ടിട്ടുള്ളതാണ്.
അതിനാൽ ജനങ്ങളുടെ ഭീതി അകറ്റുന്നതിന് പുലിയെ പിടികൂടണം.അതിനായി വൈകാതെ പുലിക്കൂട് സ്ഥാപിക്കുമെന്ന് എംഎൽഎ ജനങ്ങൾക്ക് ഉറപ്പുനൽകിയിരുന്നു.
കൂടാതെ എൻസിപി നേതാക്കളും സ്ഥലത്ത് സന്ദർശനം നടത്തിയിരുന്നു.പുലിക്കൂട് സ്ഥാപിച്ചില്ലെങ്കിൽ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകിയിരുന്നു.
ഇതിനിടെയാണ് ഇന്നലെ വൈകുന്നേരം ആറരയ്ക്ക് വനംവകുപ്പ് ഉദ്യോഗസ്ഥർ കൽക്കടിയിൽ പുലിക്കൂട് സ്ഥാപിച്ചത്.