ജോണി ചിറ്റിലപ്പിള്ളി
വടക്കാഞ്ചേരി: പാലക്കാട് നിന്ന് പുലിക്കളിയുടെ നാടായ തൃശൂരിൽ എത്തിച്ച പുലിക്കുട്ടി ക്ഷീണവും അവശതയും മാറി ചുണക്കുട്ടി ആയിരിക്കുന്നു.
പാലക്കാട് അകത്തേത്തറ ഉമ്മിനിയിൽ ആൾതാമസമില്ലാത്ത വീട്ടിൽനിന്ന് കണ്ടെത്തിയ രണ്ട് പുലിക്കുട്ടികളിലൊന്നിനെ വടക്കാഞ്ചേരി അകമല വെറ്റിനറി ആശുപത്രിയിലെത്തിച്ചു സംരക്ഷിച്ചുവരികയാണ്. കഴിഞ്ഞ 13 നാണ് പാലക്കാട് നിന്ന് പുലിക്കുട്ടിയെ അകമലയിലെത്തിച്ചത്.
ആരോഗ്യനില വഷളായ പുലികുഞ്ഞിന് സംരക്ഷണം നൽകാനുള്ള ചുമതല വനം വകുപ്പ് ഉദ്യോഗസ്ഥർ ഏറ്റെടുക്കുകയായിരുന്നു.
വൈൽഡ് ലൈഫ് വാർഡനായ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കണ്സർവേറ്റുടെ ഉത്തരവ് പ്രകാരമാണ് ഒരുമാസം പോലും പ്രായമാകാതിരുന്ന പുലിക്കുട്ടിയെ ക്ലിനിക്കിൽ എത്തിച്ചിരുന്നത്.
പ്രത്യേകമൊരുക്കിയ മുറിയിൽ ഡോ. ഡേവിഡ് അബ്രഹാമിന്റെ നേതൃത്വത്തിലാണ് പുലികുട്ടിയെ പരിശോധിച്ച് പരിചരിക്കുന്ന നടപടികൾ തുടരുന്നത്.
പാൽ ആണ് പ്രധാന ഭക്ഷണമായി നൽകി വന്നിരുന്നത്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനാൽ കട്ടിയാഹാരം കൊടുക്കുന്ന നടപടികൾ ഉടൻ ആരംഭിക്കും.
ക്ഷീണം മാറി ആരോഗ്യം മെച്ചപ്പെട്ടെങ്കിലും ഈ പുലിക്കുട്ടിയെ തിരികെ കാട്ടിലേക്ക് അയക്കാനുള്ള ആരോഗ്യ സ്ഥിതിയിലേക്ക് എത്തിയിട്ടില്ലെന്ന് ഡോക്ടർമാർ പറയുന്നു.
മറ്റു മുഖങ്ങൾ ഇതിനെ ഉപദ്രവിക്കാൻ ഉള്ള സാധ്യത വളരെ കൂടുതലാണെന്നും ചെറുത്തുനിൽപ്പിനോ പ്രതിരോധത്തിനോ ഈ പുലിക്കുട്ടിക്ക് കഴിയില്ലെന്നും അതിനാൽ കുറച്ച് ദിവസം കൂടി കഴിഞ്ഞു മാത്രമേ ഇതിനെ കാട്ടിലേക്ക് വിടുന്ന കാര്യം തീരുമാനിക്കൂ എന്നും ഡോക്ടർമാർ പറയുന്നു.
പുലിക്കുട്ടിയെ തള്ള പുലിയുടെ അടുത്തേക്ക് എത്രയും പെട്ടെന്ന് വിടണമെന്ന് ചിലർ ആവശ്യമുന്നയിച്ചിരുന്നു.
തൃശൂർ മൃഗശാലയിലേക്ക് പുലിക്കുട്ടിയെ മാറ്റും എന്ന് സൂചനകൾ ഉണ്ടായിരുന്നുവെങ്കിലും അതിന് നിയമപരമായ തടസങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
അകമലയിൽ പ്രത്യേക മുറിയിൽ ടെഡി ബെയർ പോലുള്ള വലിയ പാവക്കുട്ടിയുമായി കളിച്ച് ഉല്ലസിക്കുക യാണ് ഇപ്പോൾ ഈ പുലിക്കുട്ടി.