ഇരുളം: മാതമംഗലത്തു ജനവാസകേന്ദ്രത്തിൽ ഇറങ്ങിയ പുലിയെ തുരത്തുന്നതിനെച്ചൊല്ലി നാട്ടുകാരുമായി വനപാലകരുടെ കൈയാങ്കളി. പരിക്കേറ്റെന്ന പരാതിയുമായി ട്രൈബൽ വാച്ചർ പി.ജെ. ജയേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ പി.ആർ. മധു എന്നിവർ ചികിത്സ നേടി. എന്നാൽ വനപാലകർ തങ്ങളെ കൈയേറ്റം ചെയ്തെന്നാണ് നാട്ടുകാരുടെ വാദം. കൈയാങ്കളിക്കൊടുവിൽ പുലിയെ പിടിക്കാൻ പ്രദേശത്തു കൂട് സ്ഥാപിച്ചു. ഇന്നലെ രാവിലെയാണ് സംഭവം.
വനപാലകർ പടക്കം പൊട്ടിച്ച് പുലിയെ തുരത്തുന്നതിനെ നാട്ടുകാർ എതിർത്തതിനെത്തുടർന്നായിരുന്നു വാക്കേറ്റവും കൈയാങ്കളിയും. ശബ്ദംകേട്ട് പേടിച്ചോടുന്ന പുലി വീടുകളിലേക്കു കയറുന്ന നിഗമനത്തിലാണ് നാട്ടുകാർ പടക്കം പൊട്ടിക്കുന്നതിനെ എതിർത്തത്.
ശല്യക്കാരൻ പുലിയെ കൂടുവച്ചു പിടിച്ചാൽ മതിയെന്ന നിലപാടിലായിരുന്നു നാട്ടുകാർ. പരിക്കോ രോഗമോ മൂലം അവശതയിലായ പുലിയാണ് മാതമംഗലത്തു ഇറങ്ങിയതെന്നും കൂടു സ്ഥാപിച്ച സ്ഥലം നിരീക്ഷണത്തിലാണെന്നും ചെതലത്ത് റേഞ്ച് ഫോറസ്റ്റ് ഓഫീസർ വി. രതീശൻ പറഞ്ഞു.