വടക്കഞ്ചേരി: ഒന്നര നൂറ്റാണ്ട് പിന്നിട്ട ആമകുളത്തെ പുളിമുത്തശ്ശി ആരേയും അധികം വേദനിപ്പിക്കാതെ വിട പറഞ്ഞു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് ടൗണ്‍ റോഡിൽ ശ്രീനാരായണ ഗ്യാസ് ഏജൻസിക്ക് സമീപം വുമണ്‍സ് കോളജിനു മുന്നിലുള്ള പുളിമരം പ്രായാധിക്യത്താൽ കേടായി കടപുഴകി റോഡിൽ വീണത്. ഈ സമയം വാഹനങ്ങളൊ കാൽനട യാത്രക്കാരോ റോഡിൽ ഇല്ലാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി.
വൈദ്യുതി കന്പിയിൽ വീണതിനെ തുടർന്ന് ഒരു ഇരുന്പ് പോസ്റ്റ് റോഡിലേക്ക് വളഞ്ഞ് നിന്നു. വൈദ്യുതി പ്രവാഹമുള്ള കന്പികൾ ടാർ റോഡിൽ പൊട്ടിവീണ് 50 മീറ്ററോളം ദൂരം തീപൊരിയുണ്ടായതായി സമീപത്തെ വീട്ടുകാർ പറഞ്ഞു. ഇന്നലെ വൈകീട്ട് നാലിനുണ്ടായ ശക്തമായ കാറ്റിലും മഴയിലും മരം കുറച്ച് ചാഞ്ഞിരുന്നു.
മരം മണിക്കൂറുകൾക്കുള്ളിൽ നിലംപൊത്തി. ഫയർഫോഴ്സും പോലീസും നാട്ടുകാരും വൈദ്യുതി വകുപ്പ് ജീവനക്കാരും നാലര മണിക്കൂർ പണിപ്പെട്ടാണ് കൊന്പുകളും വലിയ തടിയും മുറിച്ച് നീക്കിയത്. വിവരമറിഞ്ഞു മിനിറ്റുകൾക്കുള്ളിൽ വടക്കഞ്ചേരി ഫയർഫോഴ്സ് സ്ഥലത്തെത്തിയെങ്കിലും ഫയർഫോഴ്സിന്റെ പക്കൽ മതിയായ ഉപകരണങ്ങളില്ലാതിരുന്നത് മരം നീക്കം ചെയ്യൽ വൈകിച്ചു.
പിന്നീട് ആലത്തൂർ ഫയർഫോഴ്സ് സ്വകാര്യ വ്യക്തിയുടെ വാൾ ഉപകരണങ്ങളുടെ സഹായത്തോടെയാണ് പ്രവൃത്തികൾ വേഗത്തിലാക്കിയത്. മരം വീണതിനെ തുടർന്ന് ടൗണിലേക്കുള്ള വാഹന ഗതാഗതം തടസ്സപ്പെട്ടു. ടൗണിൽ വൈദ്യുതി വിതരണവും നിലച്ചു. വലിയ വാഹനങ്ങളെല്ലാം ദേശീയ പാത വഴി തിരിച്ചുവിട്ടു. കന്പികളും തലങ്ങും വിലങ്ങും പൊട്ടി കിടന്നു.
എന്തായാലും വലിയ ദുരന്തം വഴി മാറിയതിന്റെ ആശ്വാസത്തിലാണ് പാതയോരത്തെ വീട്ടുകാരും യാത്രക്കാരുമെല്ലാം. മരത്തിന്റെ പതനം പകൽ സമയത്തായിരുന്നെങ്കിൽ ഉണ്ടാകുമായിരുന്ന അപകടം വളരെ വലുതാകുമായിരുന്നെന്നാണ് നാട്ടുകാർ പറയുന്നത്. വിദ്യാർത്ഥികളും മറ്റു വഴി യാത്രക്കാരുമായി ഏത് സമയവും നിറയെ ആളുകൾ കടന്നു പോകുന്ന വഴിയാണിത്. വലിയ വാഹന തിരക്കും ഉണ്ടാകും. മഴയായാലും വെയിലായാലും ഇരുചക്രവാഹന യാത്രികരുടെ വിശ്രമസ്ഥലം കൂടിയായിരുന്നു ഈ മരചുവട്.
150 വർഷമെങ്കിലും മരത്തിന് പ്രായമുണ്ടാകുമെന്ന് ഇതിന് മുന്നിലെ താമസക്കാരനായ ജബ്ബാർ പറഞ്ഞു. ഇക്കുറി അസാധാരണമാം വിധമാണ് മരത്തിൽ പുളി നിറഞ്ഞു് നിന്നിരുന്നത്. വളർച്ച മുരടിച്ചതും പ്രായാധിക്യവുമുള്ള ഇത്തരം മരങ്ങൾ മുറിച്ച് നീക്കണമെന്ന് നിരവധി തവണ പരാതി നൽകിയാലും ബന്ധപ്പെട്ടവർ അതിന് നടപടി എടുക്കാത്തത് പലപ്പോഴും വലിയ നഷ്ടങ്ങൾക്കും അപായങ്ങൾക്കുമാണ് കാരണമാകുന്നത്. ഇതിനടുത്ത് തന്നെ ബംഗ്ലാ കുന്ന് ഇറക്കത്തിൽ റോളക്സ് ഓഡിറ്റോറിയത്തിനു മുന്നിൽ വലിയ തണൽമരം ചെരിഞ്ഞു് നിൽക്കുന്നുണ്ട്.