ആദ്യമായി 100 കോടി ക്ലബിൽ ഇടംപിടിച്ച മലയാള ചിത്രമായിരുന്നു പുലിമുരുകൻ. വൈശാഖ് സംവിധാനം ചെയ്ത് 2016ൽ റിലീസ് ചെയ്ത ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ എക്കാലത്തേയും ഹിറ്റായി.
തമിഴ്, തെലുങ്ക് ഭാഷകളിൽ പുലിമുരുകൻ ഡബ്ബ് ചെയ്ത് ഇറങ്ങിയിരുന്നുവെങ്കിലും ഹിന്ദി ഡബ്ബ് വേർഷൻ മറ്റൊരു റെക്കോഡ് സൃഷ്ടിച്ചിരിക്കുകയാണ്. പുലിമുരുകന്റെ ഹിന്ദി ഡബ്ബ് പതിപ്പ് യൂട്യൂബില്‍ 60 മില്യന്‍ പ്രേക്ഷകർ കണ്ടുകഴിഞ്ഞു.
ഇന്ത്യൻ പ്രേക്ഷകർക്കൊപ്പം വിദേശരാജ്യങ്ങളിൽ നിന്നുള്ള പ്രേക്ഷകരും ചിത്രവും മോഹൻലാലും തങ്ങളെ അദ്ഭുതപ്പെടുത്തിയെന്ന കമന്റുകൾ ചിത്രത്തിനു നൽകിയിട്ടുണ്ട്.
പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ഇൻഡോനേഷ്യ, സാന്പിയ, കാനഡ എന്നിവിടങ്ങളിൽ നിന്നുള്ള പ്രേക്ഷകർ മോഹൻലാലിന്റെ അഭിനയപാടവത്തെ പുകഴ്ത്തി രംഗത്തെത്തിയിട്ടുണ്ട്.
ആഫ്രിക്കൻ ഭാഷകളിലും ഇംഗ്ലീഷിലും ചിത്രം ഡബ്ബ് ചെയ്യണമെന്ന ആവശ്യമാണ് ചിലർ മുന്നോട്ടുവച്ചിരിക്കുന്നത്. ചിലർ ഇംഗ്ലീഷ് സബ്ടൈറ്റിൽ വേണമെന്ന് ആവശ്യപ്പെടുന്നു. ഷേര്‍ കാ ശിക്കാര്‍ എന്ന പേരിലാണ് യൂട്യൂബില്‍ ചിത്രം റിലീസ് ചെയ്തത്.
ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ രചിച്ചത്. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടമാണ് ചിത്രം നിർമിച്ചത്.