മോഹൻലാലിനെ നായകനാക്കി വൈശാഖ് ഒരുക്കിയ പുലിമുരുകൻ തമിഴകവും കീഴടക്കുകയാണ്. ഇത്രയും ഉജ്ജ്വലമായ ആക്ഷൻ മുഹൂർത്തങ്ങളുള്ള സിനിമകൾ അപൂർവമാണെന്നാണ് തമിഴ് ജനതയുടെ ഏകാഭിപ്രായം. കഴിഞ്ഞ ദിവസം 305 തിയറ്ററുകളിലാണ് ചിത്രത്തിന്റെ തമിഴ് പതിപ്പ് തമിഴ്നാട്ടിൽ റിലീസായത്.
ഒരു ഡബ്ബിംഗ് പതിപ്പ് ഇത്രയധികം തിയറ്ററുകളിൽ റിലീസാകുന്നത് തമിഴ്നാട്ടിൽ ആദ്യമാണ്.മോഹൻലാൽ അദ്ഭുതം എന്നാണ് പുലിമുരുകനെ തമിഴ് ജനത വിശേഷിപ്പിക്കുന്നത്. തമിഴിലെ ഏറ്റവും പുതിയ റിലീസുകളായ മരഗത നാണയം, ക്ഷത്രിയൻ തുടങ്ങിയവ ബോക്സോഫീസിൽ കിതയ്ക്കുന്പോഴാണ് പുലിമുരുകന്റെ തകർപ്പൻ പ്രകടനം.
ഒരു യൂണിവേഴ്സൽ സബ്ജക്ട് ഉണ്ട് എന്നുള്ളതാണ് എല്ലാ ഭാഷയിലും പുലിമുരുകനെ ജനപ്രിയമാക്കുന്ന ഘടകം. ഉദയ്കൃഷ്ണയുടെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്ത ഈ സിനിമ റിലീസ് ആകുന്ന ഭാഷകളിലെല്ലാം കോടികൾ വാരുന്ന മാജിക്കാണ് കാഴ്ചവയ്ക്കുന്നത്.