റിച്ചാര്‍ഡ് ജോസഫ്
ചെന്നൈ: മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ആക്ഷന്‍ ത്രിലര്‍ മലയാളചലച്ചിത്രം പുലിമുരുകന്റെ വ്യാജസിഡിക്ക് തമിഴ്നാട്ടില്‍ 50 രൂപ മാത്രം. പുലിമുരുകന് മാത്രമല്ല പുതിയ ഒട്ടുമിക്ക മലയാള ചിത്രങ്ങളും തമിഴ്നാട്ടില്‍ സുലഭം!
ട്രെയിനുകളും റെയില്‍വേ സ്റ്റേഷനുകളും കേന്ദ്രമാക്കിയാണ് മലയാളം സിനിമകളുടെ സിഡികള്‍ തമിഴ്നാട്ടില്‍ വിറ്റഴിക്കുന്നത്. കേരളത്തില്‍ നിന്നും ചെന്നൈയിലെത്തുന്ന ട്രെിയിനുകളിലാണ് മിക്കവാറും മലയാളം സിഡികളുമായി വില്പനക്കാരെത്തുന്നത്. കാട്ട്പാടി, ആര്‍ക്കോണം, പെനമ്പൂര് റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നും സിഡി വില്പനക്കാര് ട്രെയിനുകളില്‍ കയറും. 50 രൂപയാണ് സിഡിയുടെ വിലയെങ്കിലും വില കൂടുതലാണെന്നു പറഞ്ഞാല്‍ 40 രൂപയ്ക്കു നല്‍കാനും തയ്യാര്‍. എച്ച്ഡി ക്വാളിറ്റിയാണെന്നാണ് വില്പനക്കാരന്റെ അവകാശവാദം. മറ്റുപുതിയ സിഡികളൊന്നുമില്ലേ എന്ന ചോദ്യത്തിന് ഈയാഴ്ച ഇറങ്ങിയ സിനിമകള്‍ അടുത്തയാഴ്ച തരാമെന്നു വില്പനക്കാരന്റെ ഉറപ്പ്. പുതിയ മലയാള ചിത്രങ്ങളുടെ സിഡികള്‍ തമിഴ്നാട്ടില്‍ വില്പന നടത്തുന്നത് വ്യാപകമായിട്ടും അധികൃതര്‍ കാര്യമായ നടപടിയൊന്നും എടുത്തിട്ടില്ല.
റലീസ് ചെയ്ത് നൂറുകോടി കളക്ഷന്‍ നേടുന്ന ആദ്യ മലയാള ചിത്രമാണ് പുലിമുരുകന്. റിലീസ് ചെയ്ത് ഒരുമാസത്തിനുള്ളിലാണ് പുലിമുരുകന്റെ ഈ നേട്ടം. ഒക്ടോബര്‍ ഏഴിനായിരുന്നു പുലിമുരുകന്റെ റിലീസ്. കേരളത്തില്‍ മാത്രം 65 കോടിയിലധികം കളക്ഷന്‍ നേടിയ പുലിമുരുകന് അമേരിക്കയിലും യൂറോപ്പിലും മികച്ച കളക്ഷന്‍ നേടി മുന്നേറുകയാണ്. യുഎഇയില്‍ നിന്നും മൂന്നു ദിവസം കൊണ്ട് 15 കോടി രൂപയാണ് പുലിമുരുകന് നേടിയത്. 25 കോടി മുതല്‍മുടക്കിയാണ് പുലിമുരുകന് നിര്‍മിച്ചത്. ഒന്നരക്കോടിരൂപയാണ് പുലിമുരുകന്റെ പ്രമോഷന് വേണ്ടി മാത്രം ചെലവാക്കിയത്.
കഴിഞ്ഞയാഴ്ച പുലിമുരുകന്റെ വ്യാജപതിപ്പ് ഇന്റര്‍നെറ്റിലും പ്രത്യക്ഷപ്പെട്ടിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് പുലിമുരുകന് ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടത്. സൈബര്‍ ബ്രേക്ക് സോഫ്റ്റ്വെയര് വഴി സൈബര്‍ ഡോം ചിത്രം ഇന്റര്‍നെറ്റിലെത്തിയത് കണ്ടെത്തിയിരുന്നു. ശ്രിലങ്ക, ദുബായ് എന്നിവടങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത സൈറ്റുകളിലായിരുന്നു ചിത്രം അപ് ലോഡ് ചെയ്തത്. ചിത്രത്തിന്റെ നിര്‍മാതാവ് ടോമിച്ചന് മുളകുപാടത്തിന്റെ പരാതിയെത്തുടര്‍ന്ന് സൈബര്‍ ഡോം ചിത്രം ഇന്റര്‍നെറ്റില്‍ നിന്നും നീക്കിയിരുന്നു. എന്നാല്‍ ആദ്യമായാണ് പുലിമുരുകന്റെ വ്യാജ സിഡി പ്രചരിക്കുന്നത്. ഇത് കാര്യമായി ആരുടെയും ശ്രദ്ധയില്പെട്ടിട്ടുമില്ല. പുലിമുരുകന്റെ വ്യാജപ്പതിപ്പ് തടയുന്നതിന് ആദ്യം മതുല്‍ നിര്‍മാതാവ് ശ്രമിച്ചിരുന്നു. ഇതിന്റെ ഭാഗമായിരുന്നു 331 തീയറ്ററുകളില്‍ പുലിമുരുകന് റിലീസ് ചെയ്തത്.