മംഗളൂരു: ദിവസങ്ങള്‍ക്കുമുമ്പ് ഒരു രാത്രി മുഴുവന്‍ തെരുവുനായയ്ക്കൊപ്പം ശുചിമുറിയില്‍ കുടുങ്ങിയതിനുശേഷം രക്ഷപ്പെട്ട പുത്തൂര്‍ കടബയിലെ പുള്ളിപ്പുലി ഒടുവില്‍ വനംവകുപ്പിന്റെ കൂട്ടിലായി.
കടബ താലൂക്കിലെ റെഞ്ചിലാടി ഗ്രാമത്തില്‍ വച്ച് ഇന്നലെ ഉച്ചയോടെയാണ് വനപാലകര്‍ പുലിയെ മയക്കുവെടിവച്ച് കൂട്ടിലാക്കിയത്. ഇതോടെ പ്രദേശത്ത് ഒരാഴ്ചയിലധികം നീണ്ട പുലിഭീതിക്ക് ഏറെക്കുറെ വിരാമമായി.
ഇന്നലെ പുലര്‍ച്ചെ റെഞ്ചിലാടിയിലെ കവുങ്ങിന്തോട്ടത്തില് മോട്ടോര്‍ പമ്പ് ശരിയാക്കുകയായിരുന്ന ശേഖര്‍ കാമത്തിനും ഭാര്യ സൗമ്യയ്ക്കും പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. ഇരുവരും കടബ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ചികിത്സയിലാണ്.
ഇതോടെയാണ് പുലി റെഞ്ചിലാടിയില്‍ ഉണ്ടെന്നറിഞ്ഞ് വനംവകുപ്പ് സംഘം ഇവിടെ കേന്ദ്രീകരിച്ചത്. മണിക്കൂറുകളോളം നീണ്ട തെരച്ചിലിനൊടുവില്‍ ഉച്ചയോടെയാണ് പുലിയെ കണ്ടെത്തി വെറ്ററിനറി ഡോക്ടര്‍മാരുടെ സഹായത്തോടെ മയക്കുവെടി വച്ചത്.
മരത്തിനു മുകളില്‍ മയങ്ങിവീണ പുലിയെ വനംവകുപ്പ് ജീവനക്കാര്‍ വലയിട്ടു പിടിച്ച് കൂട്ടിലാക്കി. നാല് വയസ് പ്രായമുള്ള ആണ്‍പുലിയാണ് ഇതെന്ന് വനപാലകര്‍ പറഞ്ഞു. ആരോഗ്യസ്ഥിതി പരിശോധിച്ചതിനുശേഷം പുലിയെ ദൂരസ്ഥലത്ത് ഉള്‍വനത്തില്‍ തുറന്നുവിടാനാണ് തീരുമാനം.
കഴിഞ്ഞയാഴ്ച കടബയ്ക്കു സമീപം കൈക്കമ്പയിലാണ് പുള്ളിപ്പുലി തെരുവുനായയ്ക്കൊപ്പം ഒരു വീടിന്റെ ശുചിമുറിയില്‍ കുടുങ്ങിയത്.
രാത്രി മുഴുവന്‍ ഒന്നിച്ചു കഴിഞ്ഞിട്ടും പുലി നായയെ ഉപദ്രവിക്കാതിരുന്നത് വാര്‍ത്തയായിരുന്നു. അന്ന് ശുചിമുറിയുടെ മേല്‍ക്കൂരയ്ക്കിടയിലൂടെ മയക്കുവെടി വയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ പുലി മേല്‍ക്കൂരയുടെ ഷീറ്റ് പൊളിച്ച് ചാടി രക്ഷപ്പെടുകയായിരുന്നു.