മൂന്നാർ: ലോക്കാട് എസ്റ്റേറ്റിൽ പുലിയിറങ്ങിയതോടെ നാട്ടുകാർ ഭീതിയിൽ. കൊച്ചി – ധനുഷ്കോടി ദേശീയപാതയുടെ സമീപത്തുള്ള തേയിലക്കാട്ടിലാണ് പുലിയെ കണ്ടത്.
പുലിയെ കണ്ടതോടെ തൊഴിലാളികൾ പണിക്കിറങ്ങാൻ തയാറാകുന്നില്ല. ചൊവ്വാഴ്ച രാവിലെ പത്തോടെയാണ് പുലിയെ കണ്ടത്.
പുലിയെ കണ്ടതോടെ പ്രദേശവാസികൾ ചിത്രം പകർത്തുവാനായി പുലിയുടെ പിന്നാലെ പോയെങ്കിലും അതിവേഗത്തിൽ പാഞ്ഞ പുലി തേയിലക്കാട്ടിലുള്ള മരത്തിൽ കയറുകയായിരുന്നു.
ആളും ബഹളവും കൂടിയതോടെ മരത്തിൽനിന്നു ചാടിയ പുലി കാട്ടിനുള്ളിലേക്ക് മറഞ്ഞു.
മാസങ്ങൾക്കു മുന്പ് കന്നിമല എസ്റ്റേറ്റിലെ തൊഴിലാളിയായ കന്തസാമി കടുവയുടെ ആക്രമണത്തിൽനിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.
രണ്ടു മാസങ്ങൾക്കു മുന്പ് കല്ലാർ എസ്റ്റേറ്റ് സ്വദേശിയായ തൊഴിലാളിക്ക് പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു.
ശരീരത്തിൽ പുലി ശക്തമായി അമർത്തിയെങ്കിലും കുതറി മാറി ഓടിയ തൊഴിലാളി കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
പണിയെടുക്കുന്ന സ്ഥലങ്ങളിൽ പുലിസാന്നിധ്യം വർധിച്ചതോടെ തങ്ങളുടെ ജീവന് വന്യജീവികളിൽനിന്നു സംരക്ഷണം ഒരുക്കണമെന്ന ആവശ്യവുമായി തൊഴിലാളികൾ വനം വകുപ്പിനെ സമീപിച്ചിട്ടുണ്ട്.