മുതലമട: മീങ്കരയിൽനിന്നു വെള്ളംവിട്ടതിനെ തുടർന്നു തകർന്ന പുളിയന്തോണി പുഴപ്പാലം റോഡ് മെറ്റലും മണ്ണുമിട്ട് താത്കാലികമായി ഗതാഗതം പുനഃസ്ഥാപിച്ചു. പുളിയന്തോണി നിലന്പതിപ്പാലത്തിന്റെ പടിഞ്ഞാറുഭാഗത്ത് പത്തുമീറ്ററോളം നീളത്തിലാണ് റോഡ് ഒഴുകിപോയത്.
ഗതാഗതം നിലച്ചതോടെ കാന്പ്രത്തുചള്ള ടൗണിൽനിന്നും പള്ളം, മാന്പള്ളം, തിരിഞ്ഞുകൊളുന്പ്, നാഗർപാടം, മല്ലൻകുളന്പ് ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന പത്തോളം ബസുകൾ സർവീസ് നിർത്തിവച്ചിരുന്നു.ബസ് ഗതാഗതം പുനഃസ്ഥാപിച്ചതിനാൽ ഇന്നലെ മുതലമട സ്കൂളിലേക്കു വിദ്യാർഥികൾക്ക് പോയി തിരിച്ചുവരാനും സൗകര്യമായി.
മഴ പൂർണമായും നിലച്ചാൽ മാത്രമേ തകർന്ന റോഡ് സുരക്ഷിതമായി പുനർനിർമിക്കാനാകൂ.പുളിയന്തോണി നിലന്പതിപ്പാലത്തിൽ ഗതാഗതം തടസപ്പെട്ടാൽ ഗോവിന്ദാപുരം, നീളിപ്പാറ. ചെമ്മണാംപതി, മീങ്കര, പാപ്പൻചള്ള, ചുള്ളിയാർമേട് ഉൾപ്പെടെയുള്ളവർക്ക് താലൂക്ക് ആസ്ഥാനമായ ചിറ്റൂരിലെത്താൻ ഇരുപതു കിലോമീറ്റർ അധികദൂരം സഞ്ചരിക്കണം.
ഇതിനായി യാത്രാനിരക്കും കൂടുതൽ നല്‍കേണ്ടിവരും.മുതലമട പഞ്ചായത്ത് പ്രദേശങ്ങളിൽ നെൽകൃഷിയേയും മാവിനെയും ആശ്രയിച്ചു കഴിയുന്ന നിർധന കുടുംബങ്ങളാണ് കൂടുതലായും താമസിക്കുന്നത്.അസുഖം കൂടുതലായവരെ മുതലമട പ്രാഥമികാരോഗ്യകേന്ദ്രത്തിൽനിന്നും താലൂക്ക് ആശുപത്രിയിലെത്തിക്കുന്നതു പുളിയന്തോണി നിലന്പതിപാലം വഴിയാണ്.
ദുർബലാവസ്ഥയിലുള്ള അന്പതുവർഷംമുന്പ് നിർമിച്ച നിലന്പതിപ്പാലം പൂർണമായും മാറ്റി ഉയരം കൂട്ടി മേല്‍പാലം നിർമിക്കണമെന്ന ജനകീയാവശ്യം ശക്തമാണ്.