അടിമാലി: ആദിവാസി കർഷകനെ ആക്രമിച്ച പുലിയെ വെട്ടിക്കൊന്നു. മാങ്കുളം വനം ഡിവിഷനു കീഴിൽ അന്‍പതാം മൈൽ ചിക്കണാംകുടിയിലാണ് സംഭവം.
മാങ്കുളം ചിക്കണാംകുടിയിലെ ഗോപാലനെയാണ് പുലി ആക്രമിച്ചത്. സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം ഈ മേഖലയിൽ രണ്ട് ആടുകളെ പുലി ആക്രമിച്ച് കൊന്നിരുന്നു. തുടർന്ന് പുലിയെ പിടി കൂടാൻ ഗോപാലന്റെ വീടിനു സമീപം വനംവകുപ്പ് കൂടു സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പുലി വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങിയത്.
പ്രാണരക്ഷാർഥം….
ഇന്നു രാവിലെ ആറരയോടെ സമീപത്തെ പുരയിടത്തിലേക്കു പോകാനായി വീടിനു പുറത്തിറങ്ങിയ ഗോപാലനെ പുലി ആക്രമിക്കുകയായിരുന്നു.
ഇതോടെ രക്ഷപ്പെടാനായി കൈയിൽ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ പുലി അവിടെ തന്നെ ചത്തു വീണു.
മാങ്കുളം ഡിഎഫ്ഒ ജി.ജയച്ചന്ദ്രൻ, റേഞ്ച് ഓഫീസർ പ്രസാദ് കുമാർ എന്നിവരുട നേതൃത്വത്തിൽ വനം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
പുലിയുടെ ജഡം പോസ്റ്റ് മോർട്ടം നടത്തി സംസ്കരിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ആത്മരക്ഷാർഥമാണു പുലിയെ വെട്ടിയ തെന്നതിനാൽ കേസെടുക്കില്ലെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു.