കൊച്ചി: പുല്ലേപ്പടിയില്‍ വീടുകുത്തിത്തുറന്ന് കവര്‍ച്ച നടത്തുകയും തെളിവ് നശിപ്പിക്കാന്‍ കൃത്യത്തില്‍ പങ്കെടുത്ത ഒരാളെ പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ കുടുക്കിയത് ട്രാൻസ്ജെൻഡറായ സുഹൃത്തിന്റെ വെളിപ്പെടുത്തൽ.
മോഷണത്തിന് ഒപ്പമുണ്ടായിരുന്ന ജോബിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂട്ടു പ്രതികളില്‍ ഒരാളായ സുലു എന്നു വിളിക്കുന്ന ട്രാന്‍സ്ജെന്‍ഡറായ ഹാരിസിന്റെ ചില തുറന്നുപറച്ചിലുകളാണ് കേസിലെ ചുരുള്‍ അഴിയാന്‍ ഇടയാക്കിയത്. യാതൊരു തെളിവും അവശേഷിപ്പിക്കാതെയാണ് പുതുവത്സര പുലരിയില്‍ പ്രതികള്‍ കവര്‍ച്ച നടത്തിയത്.
സിറ്റി പോലീസ് കമ്മിഷണറായി സി.എച്ച്. നാഗരാജു ചുമതലയേറ്റ ദിവസമായിരുന്നു അന്ന്. ചുമതലയേറ്റ ശേഷമുള്ള ആദ്യ കേസായതിനാല്‍ പ്രതിയെ വേഗം പിടികൂടണമെന്ന് കമ്മിഷണര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ഇതിനായി തൃക്കാക്കര എസിപിയുടെ ക്രൈം സ്ക്വാഡിന് കേസന്വേഷണത്തിന്റെ ചുമതലയും നല്കി.
മോഷണം നടന്ന വീടിന്റെ പരിസരത്ത് സിസിടിവി ക്യാമറകള്‍ ഇല്ലായിരുന്നതിനാല്‍ സമീപത്തെ മറ്റ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചെങ്കിലും ദൃശ്യങ്ങള്‍ വ്യക്തതയുമില്ലായിരുന്നു. ഹെല്‍മെറ്റ് വെച്ച് രണ്ടുപേര്‍ രാത്രി 12.30ഓടെ മോഷണം നടന്ന പുതുക്കലവട്ടത്തെ വീടിന്റെ പരിസരത്തേക്ക് പോകുന്നു.
തിരികെ 2.30ഓടെ ഇതേ സംഘം തിരികെ പോകുന്നു. തിരികെ പോകുമ്പോള്‍ ഒരു ബാഗ് ഇവരുടെ കൈയിലുണ്ട്. ഇതിനാല്‍ത്തന്നെ ഇവരാകും മോഷണം നടത്തിയതെന്ന് ഉറപ്പിച്ചു. 10 ദിവസത്തോളം അന്വേഷണം മുന്നോട്ട് പോയെങ്കിലും തെളിവൊന്നും കണ്ടെത്താനായില്ല.
മോഷണം നടന്നിടത്ത് ഡോഗ് സ്ക്വാഡുമായി എത്തിയപ്പോള്‍ നായയ്ക്ക് എത്ര മണിക്കൂര്‍ മണം പിടിക്കാന്‍ കഴിയും എന്ന് മോഷണം നടന്ന വീട്ടുകാരുടെ ബന്ധുക്കളിലൊരാളായ ഡിനോയ് ക്രിസ്റ്റോ ചോദിച്ചതാണ് ആദ്യ തുമ്പായി പോലീസിന് കിട്ടിയത്.
ഇയാളുടെ ചോദ്യത്തില്‍ സംശയം തോന്നിയ അന്വേഷണ സംഘം ഇയാളുടെ ഫോണ്‍ വിവരങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ 15ന് ഇയാള്‍ മലപ്പുറത്തേക്ക് പോയതായി വിവരം കിട്ടി. ഇയാള്‍ക്കൊപ്പം കാറില്‍ മണിലാല്‍, സുലു എന്നിവര്‍ ഉണ്ടായിരുന്നതായും വിവരം ലഭിച്ചു.
മണിലാലിനെയും ഡിനോയിയെയും ചോദ്യം ചെയ്തെങ്കിലും വിവരങ്ങളൊന്നും കിട്ടിയില്ല.ഇതോടെയാണ് സുലുവിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ പോലീസ് തീരുമാനിക്കുന്നത്. സുലുവിന്റെ താമസ സ്ഥലത്ത് പരിശോധന നടത്തുകയും മോഷണം നടന്ന വീട്ടില്‍നിന്ന് നഷ്ടമായ ഒരു ബാഗ് കണ്ടെത്തുകയും ചെയ്തു.
ഇത് ജോബി നല്‍കിയതാണെന്നും മറ്റൊന്നും അറിയില്ലെന്നും സുലു പറഞ്ഞു. ജോബി കൊല്ലപ്പെട്ടതിനാല്‍ ഇതു സംബന്ധിച്ച് കൂടുതല്‍ അന്വേഷണം ഉണ്ടാകില്ലെന്ന് സുലു കരുതി. തുടര്‍ന്ന് സുലുവുമായി അടുപ്പമുണ്ടായിരുന്ന പ്രദീപിനെ കണ്ടെത്തി.
സുലു എല്ലാം വിവരവും പറഞ്ഞുവെന്നും ബാക്കി വിവരങ്ങള്‍ പറയാനും ആവശ്യപ്പെട്ടതോടെ ജോബിയെ കൊലപ്പെടുത്തിയ വിവരവും മോഷണം നടത്തിയ വിവരവും ഇയാള്‍ തുറന്നു സമ്മതിക്കുകയായിരുന്നു.