കൊച്ചി: എറണാകുളം പുല്ലേപ്പടിയിൽ മോഷണം നടത്തിയ പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പു നടത്തി. പുല്ലേപ്പടി പാലത്തിനു സമീപം ഇല്ലിമൂട്ടിൽ ഇ.കെ. ഇസ്മയിലിന്റെ വീട്ടിൽ മോഷണം നടത്തിയ സംഘത്തിലെ പ്രധാനികളും ബംഗ്ലാദേശ് സ്വദേശികളുമായ ഇക്രം(30), സലിം(40), മുഹമ്മദ് ഹാരൂണ്(46) എന്നിവരെയാണ് ഇന്നലെ നോർത്ത് സിഐ കെ.ജെ. പീറ്ററിന്റെ നേതൃത്തിലുള്ള സംഘം തെളിവെടുപ്പിന് എത്തിച്ച്.
കഴിഞ്ഞ ജൂലൈയിൽ ഇവരടങ്ങുന്ന ആറംഗ സംഘം ഡൽഹി പ്രീത് വിഹാർ പോലീസ് സ്റ്റേഷൻ അതിർത്തിയിൽപെട്ട ജി ബ്ലോക്കിൽ മോഷണം നടത്തുന്നതിനിടെ ഡൽഹി പോലീസിന്റെ പിടിയിലാവുകയായിരുന്നു. കേരളത്തിലെ മോഷണവുമായി പിടിയിലായ പ്രതികളിൽ മൂന്നുപേർക്ക് ബന്ധമുണ്ടെന്ന വിവരത്തെത്തുടർന്ന് തൃക്കാക്കര എസ്ഐ ഷെബാബ്, നോർത്ത് എഎസ്ഐ റഫീഖ്, ഹിൽപാലസ് സിപിഒ റോബർട്ട് എന്നിവർ തീഹാർ ജയിലിലെത്തി പ്രതികളെ ചോദ്യം ചെയ്തശേഷം അറസ്റ്റു ചെയ്ത് കേരളത്തിലേക്ക് കൊണ്ടുവരികയായിരുന്നു.
തൂപ്പൂണിത്തുറയിൽ വീട്ടുകാരെ കെട്ടിയിട്ടു കവർച്ച നടത്തിയിനുപിന്നിലും ഇവർക്കു പങ്കുണ്ട്. കഴിഞ്ഞ ഡിസംബർ 15ന് പുലർച്ചെ പുല്ലേപ്പടിയിലും പിറ്റേന്ന് പുലർച്ചെ തൃപ്പൂണിത്തുറ എസ്എംപി കോളനി റോഡിൽ നന്ദപ്പിള്ളി ആനന്ദകുമാറിന്റെ വീട്ടിലുമാണ് കൊച്ചിയെ ഞെട്ടിച്ച മോഷണം നടന്നത്. രണ്ടു മോഷണത്തിനു പിന്നിലും ഒരേ സംഘമാണെന്ന് ആദ്യഘട്ടത്തിൽ തന്നെ കണ്ടെത്തിയിരുന്നു. ഇവർ ബംഗ്ലാദേശിൽ നിന്നുള്ളവാരെണെന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചിരുന്നു.
ആദ്യഘട്ടം നടത്തിയ അന്വേഷണങ്ങളിൽ ജില്ലാ പോലീസ് മേധാവി എം.പി. ദിനേശ് രൂപം നൽകിയ പ്രത്യേക അന്വേഷണ സംഘം ഡൽഹിയിൽ നിന്നു മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു. റോണി, അർഷാദ്, ഷേക്സാദ് എന്നിവരാണ് അറസ്റ്റിലായത്. ഇവരിപ്പോൾ കാക്കനാട് സബ്ജയിലിൽ റിമാൻഡിൽ കഴിയുകയാണ്. ബംഗാൾ-ബംഗ്ലാദേശ് അതിർത്തിവഴി അനധികൃതമായി ഇടക്കിടെ ഇന്ത്യയിലെത്തുന്ന പ്രതികൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കവർച്ച നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
വീടുകളുടെ ജനൽ അപ്പാടെ കുത്തിയിളക്കിയ ശേഷം അകത്തു കടന്നു വീട്ടുകാരെ ബന്ദിയാക്കിയോ തോക്കു ചൂണ്ടിയോ കവർച്ച ചെയ്യലാണ് പ്രതികളുടെ രീതി. ആവശ്യത്തിനു പണവും സ്വർണവും കിട്ടിയാൽ പ്രതികൾ സ്ഥലം വിടും. അല്ലെങ്കിൽ താമസിക്കാതെ മറ്റൊരു കവർച്ച ആസൂത്രണം ചെയ്യും. പുല്ലേപ്പടിയിൽ നടന്ന മോഷണത്തിൽ ഇസ്മയിലിന്റെ ഭാര്യ സൈനബയുടെ മാലയും വളയും അടക്കം അഞ്ചു പവൻ സ്വർണം കവർന്നിരുന്നു. കന്പി പാരയുമായിട്ടായിരുന്നു ആക്രമണം.
സ്വർണാഭരണങ്ങൾ ഊരിയെടുക്കുന്നതിനിടെയുണ്ടായ പിടിവലിക്കിടെ സൈനബയുടെ കൈയ്ക്കു മുറിവേറ്റിരുന്നു. ആകെ 11 പേരായിരുന്നു മോഷണ സംഘത്തിലുണ്ടായിരുന്നത്. ഇനി അഞ്ചു പേർ കൂടി പിടിയിലാകാനുണ്ട്. ഇവർക്കായി ബംഗ്ലാദേശ് അതിർത്തിയിലെ ബോർഡർ സെക്യൂരിറ്റി ഫോഴ്സിന്റെ സഹായത്തോടെ നിരീക്ഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.