കൊച്ചി: പുല്ലേപ്പടിയില്‍ റെയില്‍വേ ട്രാക്കിലിട്ട് യുവാവിനെ കത്തിച്ച് കൊന്ന കേസില്‍ കവർച്ച ചെയ്ത സ്വർണത്തിന്റെ ബാക്കി കണ്ടെടുക്കാൻ പോലീസ് അന്വേഷണം ഊർജിതമാക്കി.
കൊലയ്ക്ക് ആധാരമായ മേഷണക്കേസില്‍ പ്രതികള്‍ കവര്‍ച്ച ചെയ്ത സ്വര്‍ണത്തില്‍ പോലീസ് പിടിച്ചെടുത്തത് കൂടാതെ ബാക്കിയുള്ള സ്വർണം മലപ്പുറത്ത് ഉണ്ടെന്നാണ് പ്രതികള്‍ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി.
ഇതിന്റെ അടിസ്ഥാനത്തില്‍ എളമക്കര പോലീസ് ഇന്നോ നാളെയോ പ്രതികളുമായി മലപ്പുറത്തെത്തി തെളിവെടുപ്പ് നടത്തും. ഫോര്‍ട്ടുകൊച്ചി കഴുത്തുമുട്ട് മംഗലത്ത് ജോബി (19) യാണ് കൊല്ലപ്പെട്ടത്. തോപ്പുംപടി ചുള്ളിക്കല്‍ സ്വദേശി ഡിനോയ് ക്രിസ്റ്റോ (24), മലപ്പുറം തിരൂര്‍ സ്വദേശി വി. ഹാരിസ് എന്ന സുലു (34), കണ്ണമാലി കാട്ടിപ്പറമ്പ് സ്വദേശി മണിലാല്‍ എന്ന സൂര്യ (19), കൊല്ലം പുനലൂര്‍ സ്വദേശി പ്രദീപ് (25) എന്നിവരാണു പിടിയിലായത്.
നിലവില്‍ മോഷണക്കേസില്‍ കസ്റ്റഡിയിലാണ് പ്രതികള്‍. അതേസമയം മോഷണത്തിന് ഒപ്പമുണ്ടായിരുന്ന ജോബിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ നിലവില്‍ കവര്‍ച്ചാ കേസില്‍ പിടിയിലായ പ്രതികളുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കുമെന്നാണ് സൂചന.
റസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷമാകും കൊലപാതകവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൂടുതല്‍ അന്വേഷണം ഉണ്ടാവുകയെന്ന് പോലീസ് വ്യക്തമാക്കി.
പിടിയിലാകാതിരിക്കാൻകൊലപാതകം
മോഷണവുമായി ബന്ധപ്പെട്ട് ജോബിയെ പിടികൂടുമെന്ന ഭയത്തിലാണ് പ്രതികള്‍ കൊലപാതകം നടത്തിയതെന്നാണ് പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. ഇത് കൂടാതെ മറ്റ് കൊലക്ക് പിന്നില്‍ മറ്റ് കാരണങ്ങളുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
മോഷണ കേസില്‍ പോലിസ് തെളിവെടുക്കുമ്പോള്‍ ഒന്നുമറിയാത്തത് പോലെ സ്ഥലത്ത് സജീവമായിരുന്നു പ്രതി ഡിനോയ് ക്രിസ്റ്റോ. ഡോഗ് സ്ക്വാഡിന്റെ പരിശോധനക്കിടെ ഇയാള്‍ പോലിസുകാരനോട് ചോദിച്ച ചോദ്യമാണ് ഇയാളെ സംശയ നിഴലിലാക്കിയത്.
പോലിസ് നായക്ക് എത്രമണിക്കൂര്‍ വരെയുള്ള മണം ലഭിക്കുമെന്നായിരുന്നു ചോദ്യം. ഇതോടെ ഉദ്യോഗസ്ഥര്‍ ഡിനോയിയെ പ്രത്യേകം നിരീക്ഷിച്ചു. തുടര്‍ന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിലും സംശയങ്ങള്‍ ബലപ്പെട്ടു. ഇതോടെ ചോദ്യം ചെയ്യലിന് വിളിപ്പിക്കുകയും കുടുക്കുകയുമായിരുന്നു.
മോഷണംപിതൃസഹോദരന്റെ വീട്ടിൽ
കഴിഞ്ഞ പുതുവത്സരദിനത്തില്‍ എളമക്കരയിലെ ഒരു വീട്ടില്‍ കവര്‍ച്ച നടത്തിയ കേസിലെ പ്രതികളാണു കൊല്ലപ്പെട്ട ജോബിയും പിടിയിലായവരും. ഡിനോയ് ക്രിസ്റ്റോയുടെ പിതൃസഹോദരന്റെ വീട്ടിലാണു ജനുവരി ഒന്നിനു കവർച്ച നടന്നത്.
130 പവന് സ്വര്‍ണം സംഘം മോഷ്ടിച്ചിരുന്നു. സംഭവദിവസം ഡിനോയിയുടെ വീട്ടില്‍ നടന്ന വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പിതൃസഹോദരനും കുടുംബവും എത്തിയപ്പോൾ എളമക്കരയിലെ അവരുടെ വീട്ടിലെത്തി കവര്‍ച്ച നടത്തുകയായിരുന്നു. ഇതിൽ രണ്ടു ലക്ഷം രൂപയ്ക്കുള്ള സ്വര്‍ണം സംഘം വില്പന നടത്തുകയായിരുന്നു.