വിഴിഞ്ഞം : ലോക്ക്ഡൗൺ പ്രഖ്യാപിച്ച് നിയന്ത്രണങ്ങൾ കർശനമാക്കിയെങ്കിലും പുല്ലുവിളയിലെ തീരദേശ മാക്കറ്റിൽ വൻ ജനത്തിരക്ക്.
വാക്സിൻ സ്വീകരിക്കാനും ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നവരും, മാർക്കറ്റുകളിൽ പോകുന്നവരും ഉൾപ്പെടെ നിരവധി പേർ പതിവ് പോലെ പുറത്തിറങ്ങി.
വിഴിഞ്ഞ ം, കോട്ടുകാൽ, പുല്ലുവിള, പൂവാർ എന്നി തീരദേശത്തെ ആശുപത്രികളിലായി ഇന്നലെ രണ്ടായിരത്തിൽപ്പരം പേർ വാക്സിൻ സ്വീകരിക്കാൻ മാത്രമെത്തി.
ഇവരുടെ സഹായികളായെത്തിയവരെയും കൊണ്ട് ആശുപത്രി പരിസരവും നിറഞ്ഞു. പൂവാറിലും, പുല്ലുവിളയിലും പുലർച്ചെ മുതലെത്തി തിക്കും തിരക്കും കൂട്ടിയവരെ നിയന്ത്രിക്കാൻ പോലീസ് വേണ്ടി വന്നു.
കൂടാതെ നിത്യോപയോഗ സാധനങ്ങൾ വിൽക്കുന്ന കടകളും മത്സ്യ മാർക്കറ്റുകളും ഉൾപ്പെടെയുള്ളവ പതിവ് പോലെ പ്രവർത്തിച്ചതിനാൽ പലയിടത്തും ആൾക്കൂട്ടത്തിന് കുറവുണ്ടായില്ല.
പുല്ലുവിള, പള്ളം, പുതിയതുറ, പൂവാർ, വിഴിഞ്ഞം, മുക്കോല, ഉച്ചക്കട തുടങ്ങിയിടങ്ങളിലെ ചെറുതും വലുതുമായ പ്രഭാത മാർക്കറ്റുകളാണ് സാമൂഹിക അകലം പോലും പാലിക്കാതെ ഇന്നലെയും പ്രവർത്തിച്ചത്.
കോവിഡിന്റെ ഒന്നാം ഘട്ടം സാമൂഹ്യ വ്യാപനത്തിലേക്ക് നയിച്ച കരുംകുളം പഞ്ചായത്തിലെ പുല്ലുവിള മാർക്കറ്റിലാണ് ഇന്നലെ രാവിലെ മുതൽ ജനം കൂടുതൽതടിച്ച് കൂടിയത്.
വോളന്റിയർമാർ എത്തി ആൾകൂട്ടത്തെ നിയന്ത്രിച്ചെങ്കിലും ജനം ഇതൊന്നും കേട്ട ഭാവമില്ലാതെയാണ് തിങ്ങിക്കൂട്ടിയത്.
തിരക്ക് നിയന്ത്രിക്കാൻ പോലീസോ ആരോഗ്യവകുപ്പധികൃതരോ ഇവിടേക്ക് തിരിഞ്ഞ് നോക്കിയില്ലെന്ന് ആരോപണമുണ്ട്.
ലോക്ക്ഡൗൺ നിലവിൽ വന്ന സാഹചര്യത്തിൽ ബാങ്കുകളുടെ പ്രവൃത്തി ദിനം ആഴ്ച്ചയിൽ മൂന്ന് ദിവസമായി വെട്ടി കുറച്ചതോടെ വരും ദിവസങ്ങളിലും ബാങ്കുകൾക്ക് മുന്നിൽ വലിയതിരക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറയുന്നു.