കൂത്തുപറമ്പ്: ജനവാസ മേഖലയിലേക്ക് ഇറങ്ങിയ ഗർഭിണിയായ പുള്ളിമാൻ നാട്ടുകാരിൽ കൗതുക കാഴ്ചയായി. ഇന്നലെ വൈകുന്നേരം 3.30 ഓടെ ചെറുവാഞ്ചേരി പൂവത്തൂർ പാലത്തിനു സമീപം മുണ്ടയോട് റോഡിലാണു പുള്ളിമാനെ കണ്ടെത്തിയത്. തെരുവു നായ്ക്കൾ ആക്രമിക്കുന്നതു കണ്ടു രക്ഷപ്പെടുത്താനായി ചിലർ മാനിനെ സംരക്ഷിക്കുകയും അവശയായ മാനിനു വെള്ളവും മറ്റും നല്കുകയും ചെയ്തു.
വിവരമറിഞ്ഞു കണ്ണവം എസ്ഐ കെ.വി.ഗണേഷ് കുമാറിന്റെ നേതൃത്വത്തിൽ പോലീസും സ്ഥലത്തെത്തി. തുടർന്നു പോലീസ് കണ്ണവം ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിൽ വിവരമറിയിച്ചു. എന്നാൽ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തുമ്പോഴേക്കും മാൻ വനത്തിലേക്ക് ഓടിമറിയുകയാണുണ്ടായത്.
ഇതേത്തുടർന്നു ഫോറസ്റ്റ് ബീറ്റ് ഓഫീസർ എ.കെ.ബാലന്റെ നേതൃത്വത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് തെരച്ചിൽ നടത്തിയെങ്കിലും മാനിനെ കണ്ടെത്താനായില്ല. മാനിനെ നിരീക്ഷിക്കാനായി രണ്ടു വനം വകുപ്പ് ഉദ്യോഗസ്ഥരെ പ്രദേശത്തു നിയോഗിച്ചിട്ടുണ്ട്.