തലശേരി: പെരിങ്ങത്തൂർ പുല്ലൂക്കര മുക്കിൽ പീടികയിൽ വയോധികരെ വെട്ടികൊലപ്പെടുത്തിയ കേസിന്റെ വിചാരണ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ നാളെ ആരംഭിക്കും. 2007 മാർച്ച് 11ന് പുലർച്ചെ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. മുക്കിൽപീടിക മൊയിലോത്ത് താഴെ കുനിയിൽ നമ്പീസു (68), സഹോദരി ആമിന (72) എന്നിവരാണ് കൊല്ലപ്പെട്ടത്.
മുക്കിൽ പി.കെ.പുതിയ വീട്ടിൽ ഷൗക്കത്താ (42) ണ് കേസിലെ പ്രതി. ഇരുനിലവീട്ടിലെ താഴത്തെ നിലയിലെ മുറിയിൽ കിടന്നുറങ്ങുകയായിരുന്ന ഇരുവരേയും സ്വർണാഭരണങ്ങൾ കവരുന്നതിനായി പ്രതി വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്.
കൊല്ലപ്പെട്ട നബീസുവിന്റെ ദേഹത്ത് എട്ട് മുറിവുകളും ആമിനയുടെ ദേഹത്ത് 20 മുറിവുകളൂം ഏറ്റിരുന്നു. ഒരാളുടെ ചെവി അറുത്തുമാറ്റപ്പെട്ട നിലയിലായിരുന്നു. പാനൂർ സിഐയായിരുന്ന ജയൻ ഡൊമിനിക്കാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രതി കവർന്ന 14 പവൻ സ്വർണാഭരണങ്ങൾ നാദാപുരത്തെ രണ്ട് ജ്വല്ലറികളിൽ നിന്നായി പോലീസ് കണ്ടെടുത്തിരുന്നു.
വീട്ടിൽ അതിക്രമിച്ചുകടന്നതിന് 449 വകുപ്പ് പ്രകാരവും കവർച്ചയ്ക്കായി ദേഹത്ത് മുറിവേൽപ്പിച്ചതിനും 39ാം വകുപ്പ് പ്രകാരവും കൊലപാതകത്തിനും 302 വകുപ്പ് പ്രകാരവുമാണ് പ്രതിക്കെതിരെ കുറ്റം ചുമത്തിയിട്ടുള്ളത്. റിയാസ്, നസീമ എന്നീ സാക്ഷികളെയാണ് നാളെ വിസ്തരിക്കുക. പ്രതിഭാഗത്തിനു വേണ്ടി അഡ്വ.വി.ആർ.നാസറും പ്രോസിക്യൂഷനു വേണ്ടി അഡ്വ.രാമചന്ദ്രനുമാണ് ഹാജരാകുന്നത്.