ഹരിപ്പാട്: 125 വർഷത്തെ പാരന്പര്യമുള്ള പുല്ലുകുളങ്ങര എൽ.പി.സ്കൂളിൽ നവാഗതയായി എത്തിയത് ഒന്നാം ക്ലാസിലെ അനാമിക മാത്രം. കഴിഞ്ഞ വർഷം ഒന്നാം ക്ലാസിൽ നാലുകുട്ടികൾ ഉണ്ടായിരുന്നു. ആകെ 17 കുട്ടികൾ ഉണ്ടായിരുന്നിടത്ത് ഇത്തവണ 13 പേർ മാത്രമേയുള്ളു.
പ്രഥമാദ്ധ്യാപിക ഉൾപ്പടെ നാല് അദ്ധ്യാപകരാണിവിടെയുള്ളത്. ഒരാൾ മാത്രമേ എത്തിയുള്ളുവെങ്കിലും വാർഡ് മെന്പറുടെ നേതൃത്വത്തിൽ പ്രവേശനോത്സവം കേമമായിട്ട് തന്നെയാണ് നടത്തിയത്.ഈ വർഷം ആരംഭിച്ച പ്രീ – പ്രൈമറി വിഭാഗത്തിൽ 4 കുട്ടികൾ പുതിയതായി എത്തിയിട്ടുണ്ട്.
മാനേജ്മെൻറിന്റെ നിസ്സഹകരണമാണ് സ്കൂളിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്കു കാരണമെന്നാണ് പറഞ്ഞു കേൾക്കുന്നത്. മുൻപുണ്ടായിരുന്ന മാനേജർ മരിച്ചതിന് ശേഷം സ്കൂളിന്റെ ഭരണം ഏറ്റെടുത്ത മക്കൾ പുല്ലു കുളങ്ങര ക്ഷേത്രത്തിന് വടക്കുവശം റോഡരികിൽ സ്ഥിതി ചെയ്യുന്ന സ്കൂൾ പൂട്ടിച്ച് കോടിക്കണക്കിന് വിലപിടിപ്പുള്ള വസ്തു കൈവശപ്പെടുത്തി വില്ക്കുവാനാണ് താല്പര്യപ്പെടുന്നതെന്നും ആക്ഷേമുണ്ട്.
വർഷങ്ങൾക്ക് മുന്പ് നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന സ്കൂളിൽ ഇപ്പോൾ വൈദ്യുതി ഇല്ല, അവശ്യത്തിന് ഫർണിച്ചറുകൾ ഇല്ല. പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കി നല്കാൻ ബാധ്യസ്ഥരായവർ തന്നെ സ്കൂൾ പൂട്ടിക്കുവാൻ ശ്രമിക്കുകയാണ്.
ഇപ്രാവശ്യം സ്കൂൾ പിറ്റിഎ യും അധ്യാപകരും കുട്ടികളെ ക്യാൻവാസ് ചെയ്ത് വരാൻ തയ്യാറായിരുന്നിടത്ത് സ്കൂൾ പൂട്ടാൻ പോകുകയാണെന്നുള്ള ദുഷ്പ്രചരണം നടത്തിയാണ് കുട്ടികളെ ഇല്ലാതാക്കിയത്.പ്രീ പ്രൈമറി വിഭാഗത്തിൽ വരാനിരുന്ന അധ്യാപികയെ അവസാന നിമിഷം ഭീഷണിപ്പെടുത്തി വരാതാക്കുകുകയും ചെയ്തു.