ഇരിങ്ങാലക്കുട: മക്കളെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ അമ്മയ്ക്കു ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു.
മക്കളെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച കേസിലെ പ്രതി പൂല്ലൂർ ഉൗരകം പുത്തുപറന്പിൽ ജിതേഷ് ഭാര്യ അന്പിളി(34)യെയാണ് ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് കെ.എസ്. രാജീവ് ജീവപര്യന്തം കഠിനതടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.
കുടുംബകലഹത്തെതുടർന്ന് അന്പിളി 2014 ജനുവരി 11 നു രാത്രി 7.30 നു വീട്ടുവളപ്പിലെ കിണറ്റിൽ മക്കളായ ലക്ഷ്മി (നാല്) യെയും ശ്രീഹരി (ഒന്നര)യെയും എറിഞ്ഞു കൊലപ്പെടുത്തുകയും കിണറ്റിൽ ചാടി ആത്മഹത്യയ്ക്കു ശ്രമിക്കുകയുമായിരുന്നു.
നിലവിളി കേട്ടു നാട്ടുകാർ ഓടിയെത്തി കിണറ്റിൽ നിന്ന് അന്പിളിയെയും കുട്ടികളെയും പുറത്തെടുത്ത് ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കുട്ടികൾ മരിച്ചു.
അന്പിളി പരിക്കുകളോടെ രക്ഷപ്പെട്ടു. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 24 സാക്ഷികളെ വിസ്തരിക്കുകയും 45 രേഖകൾ മാർക്ക് ചെയ്യുകയും ചെയ്തു.
ഇരിങ്ങാലക്കുട പോലീസ് സബ് ഇൻസ്പെക്ടർ ആയിരുന്ന ടി.ജി. ദിലീപ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർമാരായ ആർ. മധു, ടി.എസ്. സിനോജ് എന്നിവരാണ് അന്വേഷണം നടത്തിയത്.
കേസിൽ പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി.ജെ. ജോബി, അഡ്വ. ജിഷ ജോബി എന്നിവർ ഹാജരായി.