പുല്‍പ്പള്ളി(വയനാട്): ചേകാടി റോഡിലെ ചെറിയമല ജംഗ്ഷനില്‍ ഇന്നലെ രാവിലെ കാട്ടാന ആക്രമണത്തില്‍ മരിച്ച കുറുവ ടൂറിസം കേന്ദ്രം ജീവനക്കാരന് പാക്കം വെള്ളച്ചാലില്‍ പോളിന്റെ മൃതദേഹവുമായി പുല്‍പ്പള്ളി ബസ് സ്റ്റാന്‍ഡില്‍ ജനകീയ പ്രതിഷേധം.
പോളിന്റെ കുടുംബത്തിനു നല്കുന്ന സമാശ്വാസധനത്തിന്റെതടക്കം കാര്യങ്ങളില്‍ ഉന്നത ഉദ്യോഗസ്ഥരുടെ ഉറപ്പ് ആവശ്യപ്പെട്ടാണ് മൃതദേഹം ബസ് സ്റ്റാന്‍ഡില്‍ മേശപ്പുറത്ത് വച്ച് പ്രതിഷേധിക്കുന്നത്.
നൂറുകണക്കിനാളുകളാണ് ബസ് സ്റ്റാന്‍ഡില്‍ തടിച്ചുകൂടിയത്. എംഎല്‍എമാരായ ടി. സിദ്ദീഖ്, ഐ.സി. ബാലകൃഷ്ണന് എന്നിവരടക്കം ജനപ്രതിനിധികള്‍ സ്ഥലത്തുണ്ട്. പോളിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ സമാശ്വാധന ധനം ഉള്‍പ്പെടെ ആവശ്യങ്ങളാണ് ജനക്കൂട്ടം ഉന്നയിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെ ഒന്നരയോടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി പോളിന്റെ മൃതദേഹം രാവിലെ എഴോടെയാണ് ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തത്.
രാവിലെ 9.45നാണ് ആംബുലന്‍സില്‍ മൃതദേഹം പുല്‍പ്പള്ളിയില്‍ എത്തിച്ചത്. മലബാര്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ സ്തേഫാനോസ് മൃതദേഹത്തെ അനുഗമിച്ചിരുന്നു. മൃതദേഹം കളക്ടറേറ്റ് പടിക്കല്‍ വച്ചുള്ള പ്രതിഷേധം ഉണ്ടാകുമെന്ന് അഭ്യൂഹം ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പുലര്‍ച്ചെ കളക്ടറേറ്റ് പരിസരത്ത് വന്‍തോതില്‍ പോലീസിനെ വിന്യസിച്ചിരുന്നു.
പ്രതിഷേധക്കാർ പുൽപ്പളളിയിൽ വനംവകുപ്പിന്റെ വാഹനം തടഞ്ഞുവച്ചു. ജീപ്പിന്റെ കാറ്റ് അഴിച്ചുവിട്ടു, റൂഫ് വലിച്ചുകീറി. ജീപ്പിന് മുകളിൽ റീത്ത് വെച്ച് പ്രതിഷേധിച്ചു. വനംവകുപ്പ് ജീവനക്കാർക്കെതിരേയാണ് ജനരോക്ഷം ആളിക്കത്തുന്നത്.
കേണിച്ചിറയിൽ വന്യമൃഗത്തിന്റെ ആക്രമണത്തിൽ ചത്ത പശുവിന്റെ ജഡവും പ്രതിഷേധക്കാർ പ്രതിഷേധ സ്ഥലത്തേക്ക് എത്തിച്ചു. പശുവിന്റെ ജഡം നാട്ടുകാർ വനംവകുപ്പിന്റെ ജീപ്പിന് മുകളിൽ കെട്ടിവച്ചു.
അതേസമയം,വയനാട്ടിലെ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ ഉന്നതതലയോഗം വിളിക്കുവാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. ഇതനുസരിച്ച് റവന്യു, വനം, തദ്ദേശസ്വയംഭരണം വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ ഈ മാസം 20ന് രാവിലെ വയനാട്ടിൽ യോഗം ചേരും. വയനാട് ജില്ലയിലെ തദ്ദേശ ജനപ്രതിനിധികളടക്കമുള്ള മുഴുവൻ ജനപ്രതിനിധികളും, ഉന്നത ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവരും യോഗത്തിൽ പങ്കെടുക്കും.