കോഴിക്കോട്: ഇതരസംസ്ഥാന കുട്ടികള്‍ക്കായി സംഘടിപ്പിച്ച പള്‍സ് പോളിയോ ഇമ്മ്യൂണെസേഷന്‍ പരിപാടിയില്‍ ആദ്യദിനം എത്തിയത് നാമമാത്രമായവര്‍ മാത്രം. ഇന്നലെ രാവിലെ എട്ട് മുതല്‍ പോളിയോ നല്‍കാനുള്ള സജ്ജീകരണങ്ങളുമായി ബൂത്തുകളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ എത്തിയിരുന്നുവെങ്കിലും എത്തിയവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമായിരുന്നു.
ജില്ലയിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ എത്തിയും വാക്സിന് നല്‍കിയിട്ടുണ്ട്. ഇതരസംസ്ഥാനക്കാര്‍ക്കിടയില്‍ പരിപാടിക്ക് വേണ്ടത്ര പ്രചരണം ലഭിക്കാത്തതിനാലാണ് കുട്ടികളുടെ കുറവെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെയും വിശദീകരണം.
ജില്ലയില്നിര്മാണമേഖലയില് കുടുംബമായി താമസിക്കുന്നഇതരസംസ്ഥാനക്കാര്ക്കിടയില് കുത്തിവയ്പിനെകുറിച്ച് ബോധവല്‍ക്കരിക്കാന്‍ നേരത്തെ നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ കരാറുകാര്‍ ഉള്‍പ്പെടെ വിവരം ഇവരില്‍ എത്തിച്ചില്ലെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
അഞ്ച് വയസ് വരെയുള്ള കുട്ടികള്‍ക്കാണ് പോളിയോ തുള്ളിമരുന്ന് നല്‍കുന്നത്. പ്രതിരോധ കുത്തിവയ്പുകള്‍ പൂര്‍ണമല്ലാത്ത കുട്ടികളില്‍ രോഗസംക്രമണം തടയുന്നതിന് വേണ്ടിയാണ് തുള്ളിമരുന്ന് നല്‍കുന്നത്. ബസ് സ്റ്റാന്‍ഡുകള്‍ , റെയില്‍വേ സ്റ്റേഷനുകള്‍ , തുടങ്ങി സ്ഥലങ്ങളില്‍ ട്രാന്‍സിസ്റ്റ് ബൂത്തുകള്‍ വഴിയാണ് ഇന്നലെ മുതല്‍ മൂന്ന് ദിവസങ്ങളിലായി വാക്സിന് നല്‍കുന്നത്.
രാവിലെ എട്ട് മണി മുതല്‍ രാത്രി എട്ട് മണിവരെയാണ് ബൂത്തുകള്‍ പ്രവര്‍ത്തിക്കുന്നത്. 31 ട്രാന്‍സിസ്റ്റ് ബൂത്തുകളാണ് ജില്ലയില്‍ സജ്ജമാക്കിയിട്ടുള്ളത്. ജില്ലയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന 2894 വീടുകളിലായി 985 കുട്ടികളെയാണ് ലക്ഷ്യമിടുന്നത്. ഇതിനായ് 124 വളണ്ടിയര്‍മാരെ സജ്ജമാക്കിയിട്ടുണ്ട്.
ആരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ 31 സൂപ്പര്‍വൈസര്‍മാരും ജില്ലാതല പ്രോഗ്രാം ഓഫീസര്മാരൂമാണ് പരിപാടിക്ക് മേല്‍നോട്ടം വഹിക്കുന്നത്.