ആലുവ: കൊച്ചിയിൽ നടിക്കുനേരെയുണ്ടായ ആക്രമണക്കേസിന്റെ അന്വേഷണം വഴിത്തിരിവിലേയ്ക്ക്. കസ്റ്റഡി കാലാവധി നീട്ടികിട്ടിയെങ്കിലും നുണ പരിശോധന നിഷേധിച്ച് പൾസർ സുനി പലതും മറച്ചുവച്ചു അന്വേഷണ സംഘത്തെ വട്ടംകറയ്ക്കുകയാണ്. കോടതിയിൽ പോലീസിനെതിരെ കടുത്ത പ്രതിരോധം തീർത്ത് പ്രതിഭാഗം സജീവമായതോടെ ഈ കേസ് കൂടുതൽ വിവാദമാകും.
കസ്റ്റഡി കാലാവധി നീട്ടുന്നതിനെ മുഖ്യപ്രതി സുനിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ ശക്തമായി എതിർത്തെങ്കിലും അന്വേഷണത്തിന്റെ പൂർത്തികരണത്തിനായി പ്രതിയെ വീണ്ടും വിട്ടുകിട്ടണമെന്ന പോലീസിന്റെ അപേക്ഷ ആലുവ സെക്കൻഡ് ക്ലാസ് മജിസ്ട്രേറ്റ് കോടതി അംഗീകരിക്കുകയായിരുന്നു. നുണ പരിശോധനയ്ക്ക് തയാറല്ലെന്ന് പ്രതി നേരിട്ട് കോടതിയെ ബോധിപ്പിക്കുകയും ചെയ്തു.
കസ്റ്റഡിയിൽ വിട്ടുകിട്ടിയിട്ടും കേസന്വേഷണം പൂർത്തിയാകാത്തതിനെ പ്രതിഭാഗം കോടതിയിൽ ചോദ്യം ചെയ്തിരുന്നു. എട്ടുദിവസത്തോളം മുഖ്യപ്രതി കസ്റ്റഡിയിലുണ്ടായിരുന്നിട്ടും നടിയെ ഉപദ്രവിച്ച് പകർത്തിയ ദൃശ്യങ്ങളടങ്ങിയ മൊബൈൽ ഫോണ് മെമ്മറി കാർഡ് എന്നിവയെക്കുറിച്ച് വിവരങ്ങൾ ലഭിച്ചതായി കോടതിയെ ബോധ്യപ്പെടുത്താൻ പോലീസിന് കഴിഞ്ഞിരുന്നില്ല. ഗുഢാലോചന സംബന്ധിച്ച് പോലീസ് കോടതിയിൽ സംശയം ഉന്നയിച്ചിരുന്നെങ്കിലും ഇതിന് ബലമേകുന്ന പ്രതികളുടെ മൊഴികളോ, തെളിവുകളോ ഹാജരാക്കാൻ കഴിയാത്തത് അന്വേഷണ സംഘത്തിന്റെ വീഴ്ചയായിട്ടാണ് വിലയിരുത്തുന്നത്.
വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടുന്നത് തന്റെ കക്ഷിയെ ശാരീരികമായും മാനസികമായും പോലീസിന് പിഡിപ്പിക്കുന്നതിനുവേണ്ടി മാത്രമാണെന്ന് സുനിയുടെ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചിരുന്നു. പോലീസ് രേഖകളിൽ പോലും യഥാർത്ഥ പേരിനൊപ്പം പൾസർ സുനിയെന്നു ചേർത്ത് മാധ്യമങ്ങളുടെ സഹായത്തോടെ തന്റെ കക്ഷിയെ ഭീകരനായി ചിത്രീകരിച്ചു വരികയാണെന്നും കഴിഞ്ഞ ദിവസം പ്രതിഭാഗം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
അതേസമയം, സംഭവത്തിലെ ഗുഢാലോചനയെക്കുറിച്ച് മറ്റു പ്രതികളിൽ നിന്നും അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിരുന്നെങ്കിലും പ്രധാന പ്രതി സുനി സ്വയം കുറ്റം ഏറ്റെടുക്കുന്നതാണ് അനിശ്വിതത്വത്തിന് കാരണമാകുന്നത്. ഇതിനെ തുടർന്നാണ് പ്രതിയെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് പോലീസ് കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ, ശാരീരികവും മാനസികവുമായി തകർന്നിരിക്കുന്നതിനാൽ നുണ പരിശോധനയ്ക്ക് തയാറാല്ലെന്ന് സുനി അറിയിക്കുകയായിരുന്നു. പോലീസ് ആവശ്യപ്പെട്ടതുപ്രകാരം സുനി, വിജേഷ് എന്നീ പ്രതികളെ ഈമാസം പത്തുവരെ കോടതി വീണ്ടും കസ്റ്റഡിയിൽ വിട്ടുകൊടുത്തിട്ടുണ്ട്.
കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാൽ കേസിലെ മറ്റു പ്രതികളായ വടിവാൾ സലിം, പ്രദീപ്, മണികണ്ഠൻ എന്നിവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. എന്നാൽ, പൾസർ സുനി അങ്കമാലിയിലെ അഭിഭാഷകനെ ഏൽപ്പിച്ച മെമ്മറി കാർഡിൽ ദൃശ്യങ്ങൾ ഉണ്ടെന്നുള്ള വിവരങ്ങൾ പുറത്തുവരുന്നുണ്ടെങ്കിലും ഫോറൻസിക് ലാബിൽ നിന്നും പരിശോധന റിപ്പോർട്ട് അന്വേഷണ സംഘത്തിന് ലഭിച്ചാൽ മാത്രമേ ഈ കാര്യത്തിൽ സ്ഥിരീകരണമുള്ളൂ. രണ്ടു ദിവസത്തിനുള്ളിൽ ഇതു സംബന്ധിച്ച് തിരുവനന്തപുരത്തെ ലാബിൽ നിന്നുള്ള റിപ്പോർട്ട് സൈബർ ഫോറൻസിക് വിഭാഗം അന്വേഷണ സംഘത്തിന് കൈമാറുമെന്നാണ് അറിയുന്നത്.
അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ച മെമ്മറി കാർഡ് കൂടാതെ സുനി കീഴടങ്ങാൻ എത്തിയപ്പോൾ ബാഗിലുണ്ടായിരുന്നതും, കൊച്ചിയിലെയും സുഹൃത്തിന്റെയും വീടുകളിൽ നിന്നും ലഭിച്ച ഇലക്ട്രോണിക് തെളിവുകളും ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരുന്നു. എന്നാൽ, ഈ ദൃശ്യങ്ങൾ പ്രധാന പ്രതി സുനിയുടെ സുഹൃത്തുക്കളിൽ ചിലർ കണ്ടിരുന്നതായിട്ടുള്ള വെളിപ്പെടുത്തലുകളിൽ നിന്നും ഇതു കൂടുതൽ കോപ്പികളായി പകർത്തിയതായിട്ടാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.