കൊച്ചി: യുവനടിയെ ആക്രമിച്ച കേസിലെ പ്രധാനപ്രതി പൾസർ സുനി ഒളിവിൽ കഴിയുന്പോൾ കാവ്യാമാധവന്റെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയിലെത്തിയതായി അന്വേഷണസംഘം സ്ഥിരീകരിച്ചു. സ്ഥാപനത്തിലെ ജീവനക്കാരൻ പോലീസിന് ഇതുസംബന്ധിച്ച മൊഴി നൽകിയെന്നാണ് റിപ്പോർട്ട്. ഒളിവിൽ കഴിഞ്ഞപ്പോഴും സുനി ദിലീപിനെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നവെന്നും ലക്ഷ്യയിലെത്തിയത് അതിന്റെ തുടർച്ചയായിരുന്നുവെന്നും പോലീസ് അനുമാനിക്കുന്നു.
അതേസമയം, കേസുമായി ബന്ധപ്പെട്ട് പൾസർ സുനിയെയും നടി കാവ്യാ മാധവനെയും അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തേക്കും. കേസിലെ “”മാഡം” കാവ്യാ മാധവനാണെന്ന സുനിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് ഇരുവരെയും ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്. കേസിനു പിന്നിൽ മാഡം എന്നൊരാൾ ഇല്ലെന്ന നിലപാടിലായിരുന്നു ഇതുവരെ അന്വേഷണസംഘം.