കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനിയുമായി ആക്രമണം നടന്ന സ്ഥലങ്ങളിൽ പോലീസ് തെളിവെടുപ്പ് നടത്തി. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചപ്പോള്‍ സഞ്ചരിച്ച പാലാരിവട്ടം, കാക്കനാട്, വെണ്ണല എന്നിവിടങ്ങളിലൂടെയാണ് പോലീസ് പ്രതിയുമായി തെളിവെടുപ്പ് നടത്തിയത്. പുലർച്ചെ രണ്ടരയോടെ ആരംഭിച്ച തെളിവെടുപ്പ് രണ്ടു മണിക്കൂറോളം നീണ്ടു. നടിയെ ഇറക്കിവിട്ട സ്ഥലമായ സംവിധായകൻ ലാലിന്റെ വീടിനു പരിസരത്തും പ്രതിയെ എത്തിച്ചു.
സുനിയെ മാത്രമാണ് പോലീസ് തെളിവെടുപ്പിന് കൊണ്ടുപോയത്. ആലുവയിലെ പോലീസ് ക്ലബിൽനിന്നാണ് ഇയാളെ തെളിവെടുപ്പിനായി കൊണ്ടുപോയത്. തുണികൊണ്ട് മുഖംമറച്ചാണ് പോലീസ് വാഹനത്തിൽ സുനിയെ കയറ്റിയത്. എന്നാൽ കൊച്ചിയിലെ വിവിധ സ്ഥലങ്ങളിൽ സുനിയെ എത്തിച്ചെങ്കിലും വാഹനത്തിൽനിന്നും പുറത്തിറക്കിയില്ല.
നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ ഓടയില്‍ ഉപേക്ഷിച്ചു എന്ന് സുനി മൊഴി നൽകിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് വെണ്ണലയില്‍ എത്തിച്ചത്. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ഉപേക്ഷിച്ചെന്നു പറയുന്ന മൊബൈൽ പക്ഷെ കണ്ടെത്താനായില്ല.