കൊച്ചി: യുവനടിയെ ആക്രമിച്ച കേസിൽ ആസുത്രകനായ പെരുന്പാവൂർ സ്വദേശി പൾസർ സുനി എന്ന ഇളന്പകപ്പിള്ളി നെടുവേലിക്കുടി സുനിൽകുമാർ (35) സിനിമാക്കാർക്കിടയിൽ അടുത്തബന്ധമുള്ള ആളായിരുന്നെന്ന് വിവരം. ക്രിമിനൽ പശ്ചാത്തലം ഉണ്ടായിരുന്നിട്ടും ഇയാൾ സിനിമാക്കാരുടെ ഡ്രൈവറായി തുടർന്നു. ഇയാൾ വർഷങ്ങൾക്കു മുന്പു ചെറുപ്രായത്തിൽതന്നെ വീടുവിട്ടതായാണ് വിവരം. പലപണികളും ചെയ്ത് പിന്നീട് സിനിമ മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാൻ തുടങ്ങി. ഇയാൾ സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളെന്ന നിലയിലായിരുന്നു നാട്ടിൽ അറിയപ്പെട്ടിരുന്നത്. എന്നാൽ അപൂർവമായി മാത്രമേ വീട്ടിൽ എത്താറുണ്ടായിരുന്നുള്ളു.
പത്തുവർഷത്തോളമായി ലൊക്കേഷനുകളിൽ നിന്നു ലൊക്കേഷനുകളിലേക്ക് താരങ്ങളുടെ ഡ്രൈവറായി ഇയാൾ പ്രവർത്തിച്ചുവരികയായിരുന്നു. പക്ഷേ സ്ഥിരമായി ഒരാളുടെ കൂടെ ജോലി ചെയ്തതായി വിവരമില്ല. പലരും പല കാരണങ്ങളാൽ ഇടയാളെ ഒഴിവാക്കുകയായിരുന്നു. ഇയാളുടെ സ്വഭാവദൂഷ്യവും ക്രിമിനൽ പശ്ചാത്തലവും ജോലി പോകുന്നതിനു കാരണമായി. എങ്കിലും ഒരിടത്തു നിന്നു പറഞ്ഞു വിടുന്പോൾ മറ്റൊരിടത്ത് ഇയാൾക്ക് ജോലി കിട്ടി. എന്തും ചെയ്തുകൊടുക്കുന്ന സ്വഭാവവും സിനിമ രംഗത്തുള്ള ബന്ധങ്ങളും ഇയാളെ ഇതിനു സഹായിച്ചു.
സുനിയെ നേർവഴിക്കു നടത്താൻ ശ്രമിക്കാമെന്നു പല താരങ്ങളും തന്നോട് പറഞ്ഞിട്ടുള്ളതായി സുനിയുടെ സഹോദരി മാധ്യമങ്ങളോടു പറഞ്ഞിരുന്നു. ഇത് സുനിയുടെ സിനിമാബന്ധത്തിന്റെ തെളിവാണ്. കുറച്ചുനാളായി സുനി എറണാകുളത്തെ ഒരു നിർമാതാവിന്റെ പ്രൊഡക്ഷൻ യൂണിറ്റിലാണ് ജോലി ചെയ്തിരുന്നതെന്നാണ് വിവരം. മുകേഷും ദിലീപുമെല്ലാം ഉപേക്ഷിച്ച ഡ്രൈവർ എങ്ങനെ ഈ സ്ഥാപനത്തിൽ എത്തിയെന്നതിന് ഇനിയും ഉത്തരമില്ല. മാർട്ടിനും സുനിക്കും ഫെഫ്ക ഡ്രൈവേഴ്സ് യൂണിയനിൽ അംഗത്വവുമില്ലെന്നാണ് അറിയാൻ കഴിയുന്നത്.
ഈ സാഹചര്യത്തിൽ ഇവർ എങ്ങനെ ഇവിടെ ജോലിചെയ്തുവെന്ന കാര്യവും പരിശോധിക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. സുനിക്ക് ഒരു നടന്റെ ഫാൻസ് അസോസിയേഷന്റെ ചുമതലയുണ്ടായിരുന്നുവെന്ന പ്രചാരണവും ശക്തമാണ്. സ്വദേശമായ പെരുന്പാവൂരും എറണാകുളത്തും ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്. കോടനാട് സ്റ്റേഷനിൽ 2006 ൽ ഒരു മോഷണക്കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കളമശേരി, ഏലൂർ മേഖലകളിലും ഇയാൾക്കെതിരേ കേസുകളുണ്ട്. ഭീഷണിപ്പെടുത്തി പണം തട്ടൽ, പെട്രോൾ പന്പിൽ മോഷണം, വാഹന മോഷണം തുടങ്ങിയ കേസുകളാണ് ഇയാൾക്കെതിരേ ഉള്ളത്.
എറണാകുളത്തും മറ്റും സജീവമായി പ്രവർത്തിക്കുന്ന ഗുണ്ടാ സംഘങ്ങളുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്നും അറിയുന്നു. സിനിമാക്കാർക്കു ഡ്രൈവർമാരെ എത്തിച്ചുകൊടുക്കുന്ന ജോലിയും ഇയാൾ ചെയ്തിരുന്നു. ആക്രമത്തിനിരയായ നടിയുടെ ഡ്രൈവറായി ആറുമാസം മുന്പു വരെ ഇയാൾ പ്രവർത്തിച്ചിരുന്നു. പിന്നീട് ഇയാളുടെ ക്രിമിനൽ പശ്ചാത്തലം മനസിലാക്കി നടി ഒഴിവാക്കുകയായിരുന്നു.
മുന്പും നടിമാരെ അപമാനിച്ചതായി സൂചന
പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി അപമാനിച്ച കേസിൽ പിടിയിലായ പ്രധാന പ്രതി പൾസർ സുനി മുന്പും സമാനമായ ആക്രമണങ്ങൾ നടത്തിയിട്ടുള്ളതായി സൂചനകൾ. മലയാളത്തിലെ മൂന്നു യുവനടികൾക്കു നേരെ മുന്പ് സമാനമായ ആക്രമണം നടന്നിട്ടുണ്ടെന്നും എന്നാൽ അപമാനം ഭയന്ന് അവർ ഇക്കാര്യം പുറത്തുപറയാതെ പണം നൽകി ഒതുക്കുകയായിരുന്നുവെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ തന്നോടു പറഞ്ഞതായി നടനും സംവിധായകനുമായ ലാൽ ഇന്നലെ വെളിപ്പെടുത്തിയിരുന്നു. അന്നു ദുരനുഭവം നേരിട്ടവരാരും അക്കാര്യം പുറത്തുപറഞ്ഞിട്ടില്ല. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ യുവനടിക്കു ധൈര്യം നൽകുകയാണു വേണ്ടതെന്നും ഡിജിപി തന്നോട് പറഞ്ഞതായി ഇന്നലെ എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ നടന്ന പ്രതിഷേധയോഗത്തിൽ ലാൽ പറഞ്ഞു.
പൾസർ സുനിയുടെ ആക്രമണത്തിൽ നിന്നും രക്ഷപെട്ട നടി എത്തിയത് ലാലിന്റെ വീട്ടിലേക്കായിരുന്നു. ലാലിന്റെ നേതൃത്വത്തിലാണ് പോലീസിനെ വിളിച്ചുവരുത്തി നടിയുടെ മൊഴി രേഖപ്പെടുത്തിയത്. കേസിൽ അറസ്റ്റിലായ ഡ്രൈവർ മാർട്ടിനിൽ നിന്നാണ് പോലീസിന് പൾസർ സുനിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. മുന്പ് അപമാനിച്ച നടിമാരുടെ ചിത്രങ്ങൾ പകർത്തിയ സുനി അതുപയോഗിച്ച് അവരെ ബ്ലാക്ക് മെയിൽ ചെയ്ത് വൻ തുക കൈക്കലാക്കിയിട്ടുണ്ടെന്നാണ് വിവരങ്ങൾ.
അഞ്ചുവർഷം മുന്പ് മലയാളസിനിമയിലെ മറ്റൊരു പ്രമുഖ നടിയെ പൾസർ സുനി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചിരുന്നതായി അവരുടെ ഭർത്താവ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. മലയാളത്തിലെ മുൻകാല നായികനടിയെ ഇയാൾ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചിട്ടുണ്ടെന്നാണു നിർമാതാവ് കൂടിയായ ഇവരുടെ ഭർത്താവ് വെളിപ്പെടുത്തിയത്. ഒരു യുവനടി ഇവർക്കൊപ്പം കാറിലുണ്ടാകുമെന്നു ധാരണയിലായിരുന്നു തട്ടിക്കൊണ്ടുപോകൽ ശ്രമം നടന്നത്. എന്നാൽ, ആ നടി കൂടെയില്ലെന്നു മനസിലായതോടെ നീക്കം പൊളിഞ്ഞതായും ഇദ്ദേഹം വ്യക്തമാക്കി.