യുവനടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ജയിലില്‍ ഉപയോഗിച്ച മൊബൈല്‍ ഫോണും സിംകാര്‍ഡും കണ്ടെത്തി. തമിഴ്‌നാട്ടിലെ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത സിംകാര്‍ഡാണ് ലഭിച്ചത്. സിംകാര്‍ഡും ഫോണും ഫൊറന്‍സിക് പരിശോധനയ്ക്കായി അയച്ചു. പള്‍സര്‍ സുനിക്ക് ജയിലിനുള്ളില്‍ മൊബൈല്‍ ഫോണെത്തിച്ചത് താനാണെന്ന് സഹതടവുകാരന്‍ വിഷ്ണു മൊഴി നല്‍കിയിരുന്നു. പുതിയ ഷൂ വാങ്ങി ഇതിന്റെ അടിഭാഗം മുറിച്ച് മൊബൈല്‍ ഫോണ്‍ ഒളിപ്പിക്കുകയും പിന്നീട് ഷൂ സുനിക്ക് കൈമാറുകയായിരുന്നുവെന്നും മൊഴിയില്‍ പറയുന്നു.
ഈ മൊബൈലില്‍നിന്നാണ് സുനി ദിലീപിന്റെ മാനേജരായ അപ്പുണ്ണിയെ വിളിച്ചതെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ഏപ്രിലിലാണ് ദിലീപിന്റെ മാനേജര്‍ അപ്പുണിക്കും സുഹൃത്തും നടനും സംവിധായകനുമായ നാദിര്‍ഷയ്ക്കും ഫോണിലൂടെ ഭീഷണി സന്ദേശമെത്തിയത്. ജയിലില്‍നിന്ന് പള്‍സര്‍ സുനി തന്നെയാണ് ഇവരെ വിളിച്ചിരുന്നത്. നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതു നടന്‍ ദിലീപാണെന്നു പോലീസിനോടും മാധ്യമങ്ങളോടും വെളിപ്പെടുത്താന്‍ വന്‍തുക വാഗ്ദാനം ലഭിച്ചതായാണ് സംഭാഷണത്തിലെ വെളിപ്പെടുത്തല്‍. കൂടാതെ ദിലീപിനായെഴുതിയ കത്ത് വായിക്കണമെന്നും ആവശ്യമുണ്ടായിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ദിലീപ് പരാതി നല്‍കിയിരുന്നു. വിഷ്ണുവിനെ പോലീസ് അറസ്റ്റും ചെയ്തിരുന്നു.