അങ്ങനെ അതും സംഭവിച്ചു. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയ്ക്കായി അഡ്വ. ബിജു ആന്റണി ആളൂര്‍ ഹാജരാകുമെന്ന് റിപ്പോര്‍ട്ട്. സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയെ ഈസിയായി ഊരിയെടുത്ത ആളൂരിനെ സംബന്ധിച്ച് പള്‍സര്‍ സുനി ഒന്നുമല്ല. പക്ഷെ ഇതോടൊപ്പം ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുമ്പില്‍ കൊണ്ടു വന്ന് സുനിയെ രക്ഷിക്കാനായിരിക്കും ആളൂര്‍ ശ്രമിക്കുക എന്ന പ്രത്യേകതയുണ്ട് ഈ കേസിന്. ട്രെയിനില്‍ ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ട സൗമ്യ വധക്കേസിലെ പ്രതിയായ ഗോവിന്ദച്ചാമിക്കായി ഹാജരായ വ്യക്തിയാണ് അഡ്വ. ആളൂര്‍. സൗമ്യ കേസുള്‍പ്പെടെ കേരളത്തെ പിടിച്ച് കുലുക്കിയ പല കേസുകളിലും പ്രതിഭാഗത്തിനായി ആളൂര്‍ നേരത്തെ ഹാജരായിട്ടുണ്ട്. കേസ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സുനിയുടെ സുഹൃത്തുക്കള്‍ കഴിഞ്ഞ ദിവസങ്ങളില്‍ അഡ്വ.ആളൂരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ആളൂരിന്റെ സഹപ്രവര്‍ത്തകനായ അഡ്വ.ടോജി ജയിലില്‍ സുനിയെ സന്ദര്‍ശിച്ചിരുന്നു. കേസ് താന്‍ ഏറ്റെടുക്കണമെന്നു സുനി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ജയിലില്‍ സുനിയെ സന്ദര്‍ശിക്കുന്നതെന്ന് അഡ്വ.ആളൂര്‍ വ്യക്തമാക്കി. നേരത്തെ കേസില്‍ ഇരയാക്കപ്പെട്ട നടിക്കുവേണ്ടി കോടതിയില്‍ ഹാജരാകാന്‍ താന്‍ തയ്യാറായിരുന്നു. എന്നാല്‍ പ്രോസിക്യൂട്ടര്‍ ആകുന്നതു സംബന്ധിച്ചു സര്‍ക്കാരിന്റെ തീരുമാനം വൈകിയ സാഹചര്യത്തിലാണ് പ്രതിയുടെ താത്പര്യപ്രകാരം താന്‍ ഹാജരാകുന്നത്. അതേസമയം നിലവില്‍ സുനിയുടെ കേസ് കൈകാര്യം ചെയ്യുന്ന അഭിഭാഷകര്‍ വക്കാലത്ത് ഒഴിയാതെ കേസ് ഏറ്റെടുക്കാനാകില്ലെന്ന സാങ്കേതിക പ്രശ്നം ജയില്‍ സൂപ്രണ്ട് ആളൂരിന്റെ സഹപ്രവര്‍ത്തകനെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ സുനിയുടെ നിലവിലുള്ള രണ്ട് അഭിഭാഷകരുമായി നാളെ രാവിലെ ബന്ധപ്പെട്ട് ഇക്കാര്യം ചര്‍ച്ച ചെയ്യും. എത്രയും വേഗം പള്‍സര്‍ സുനിയെ ജയില്‍ മോചിതനാക്കാനാണ് തന്റെ ശ്രമമെന്നും അഡ്വ.ആളൂര്‍ പറഞ്ഞു.