പ്രമുഖ നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റ് ഉടനുണ്ടാകും. പോലീസ് ആസ്ഥാനത്ത് ഡിജിപി ലോക്നാഥ് ബെഹ്റയുടെ നേതൃത്വത്തില്‍ നടിയെ ആക്രമിച്ച കേസിന് മേല്‍നോട്ടം വഹിക്കുന്ന ഐജി ദിനേശ് കശ്യാപ് ഉള്‍പ്പെടെയുള്ളവരുടെ നിര്‍ണായക യോഗം ചേര്‍ന്നു. ഈ യോഗം ചേര്‍ന്നതിനു ശേഷമാണ് കേസില്‍ നിര്‍ണായകമായ നടപടികളിലേയ്ക്ക് നീങ്ങുന്നത്. അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഐജി ദിനേന്ദ്ര കശ്യാപിനോട് കൊച്ചിയില്‍ തങ്ങി അന്വേഷണത്തിന് വേഗം കൂട്ടാന്‍ ഡിജിപി നിര്‍ദേശം നല്‍കി.
കേസില്‍ ഇതുവരെ ലഭിച്ച തെളിവുകള്‍ ഏകോപിപിക്കാന്‍ കഴിഞ്ഞുവെന്നാണ് സൂചനകള്‍. അന്വേഷണത്തിന് കൃത്യമായ ഏകോപനം ഉണ്ടാകണമെന്നും ഡിജിപി നിര്‍ദേശം നല്‍കി. മുഖ്യപ്രതി പള്‍സര്‍ സുനി കേസിനു പിന്നില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന മൊഴിയാണ് കേസില്‍ വഴിത്തിരിവായത്. രണ്ടു മാസം മുമ്പായിരുന്നു ഗൂഢാലോചന സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്. ഇതിനു പിന്നാലെ ആണ് നടന്‍ ദിലീപ്, നാദിര്‍ഷ, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി എന്നിവരെ ഗൂഢാലോചന കേസില്‍ മാരത്തണ്‍ നീണ്ട ചോദ്യം ചെയ്യല്‍ നടന്നത്. സുനിയുടെ മൊഴി അനുസരിച്ചാണ് നടി കാവ്യ മാധവന്റെ ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യ യിലും പരിശോധന നടത്തിയത്. കേസില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചുവെന്നാണ് പുറത്തുവരുന്ന സൂചനകള്‍.