കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനിയുടെ അമ്മയുടെ അക്കൗണ്ടിൽ പണമെത്തിയതിനെ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. കുറച്ചുനാളുകൾക്കു മുന്പ് അമ്മ ശോഭനയുടെ അക്കൗണ്ടിൽ 50,000 രൂപ എത്തിയതിനെ സംബന്ധിച്ചാണ് അന്വേഷണം നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് തൃപ്തികരമായ മറുപടി നൽകാൻ ശോഭനയ്ക്കു കഴിഞ്ഞിരുന്നില്ല.
നേരത്തേ, സുനിയുടെ അമ്മ ശോഭന രഹസ്യ മൊഴി നൽകിയിരുന്നു. കാലടി കോടതിയിലാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. തനിക്കറിയാവുന്ന സത്യങ്ങൾ കോടതിയിൽ പറഞ്ഞെന്ന് ശോഭന മാധ്യമങ്ങളോട് പ്രതികരിച്ചു. ദിലീപിന്റെ ബിഎംഡബ്ല്യൂ കാറിൽവച്ച് 10000 രൂപ സുനിക്ക് കൈമാറിയിട്ടുണ്ടെന്നു പോലീസ് കണ്ടെത്തിയിരുന്നു. ഈ വാദങ്ങൾക്കൊന്നും ദിലീപ് തൃപ്തികരമായ മറുപടി നൽകിയിട്ടില്ല.
അതിനിടെയാണ് സുനിയുടെ അമ്മയുടെ യൂണിയൻ ബാങ്ക് അക്കൗണ്ടിൽ 50000 രൂപ നിക്ഷേപിച്ചത് പോലീസ് അന്വേഷണത്തിൽ വ്യക്തമായത്. ആയിരം രൂപയുടെ 46 നോട്ടുകളും 500 രൂപയുടെ എട്ട് നോട്ടുകളുമാണ് സുനിയുടെ അക്കൗണ്ടിൽ നിക്ഷേപിക്കപ്പെട്ടതെന്ന് കണ്ടെത്തിയിട്ടുണ്ട്.