കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിക്ക് ജാമ്യം കിട്ടിയെങ്കിലും പുറത്തേക്കുള്ള വരവ് ഇനിയും വൈകും. നടപടി ക്രമങ്ങൾ പൂർത്തിയായി വരുന്നതിനിടെ പ്രതിക്ക് ചിക്കൻപോക്സ് ബാധിച്ചു. സുനിയിപ്പോൾ ചികിത്സയിൽ. അസുഖം ഭേദപ്പെട്ടശേഷം മാത്രമാകും പുറത്തിറങ്ങുകയെന്നാണ് ജയിൽ അധികൃതർ സൂചിപ്പിക്കുന്നത്.
നിലവില്‍ എറണാകുളം സബ് ജയിലിലാണ് സുനി തടവിലുള്ളത്. പൾസർ സുനിക്ക് ചൊവ്വാഴ്ചയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. കേസിൽ അറസ്റ്റിലായി ഏഴര വർഷത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്.
കേസിന്റെ വിചാരണ നീണ്ടുപോകുന്നത് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്. ഒരാഴ്ചയ്ക്കകം വിചാരണ കോടതി ജാമ്യം അനുവദിക്കണമെന്നാണ് സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ചിന്റെ ഉത്തരവ്.
ജാമ്യവ്യവസ്ഥകൾ എന്താണെന്ന് വിചാരണക്കോടതി നിശ്ചയിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്.