കൊച്ചി : യുവനടി കൊച്ചിയിൽ ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പൾസർ സുനിയെ പോലീസ് വീണ്ടും കസ്റ്റഡിയിൽ വാങ്ങില്ല. പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ തത്കാലം ഉദ്ദേശിക്കുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. പോലീസ് കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിൽ പോലീസ് സുനിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങിയേക്കുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും അവർ പറഞ്ഞു.
സുനിയെ ശാസ്ത്രീയ ചോദ്യം ചെയ്യലിനു വിധേയനാക്കുമെന്നും സൂചനയുണ്ടായിരുന്നുവെങ്കിലും ഇതു സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ചോദ്യം ചെയ്യലിൽ ഉരുണ്ടു കളിക്കുന്ന സുനിയെ പൂർണമായും പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. അതേ സമയം കേസുമായി ബന്ധപ്പെട്ട് സിനിമാ മേഖലയിൽ ഇതു വരെ ചോദ്യം ചെയ്യാത്ത ചിലരെ കൂടി പോലീസ് ഉടനെ ചോദ്യം ചെയ്തേക്കുമെന്നും സൂചനയുണ്ട്.
സുനിയുടെ വെളിപ്പെടുത്തലുകൾ വിശകലനം നടത്തുന്ന സംഘം, നടൻ ദിലീപ്, സംവിധായകൻ നാദിർഷ, ദിലീപിന്റെ മാനേജർ അപ്പുണ്ണി എന്നിവരുടെ മൊഴികളുമായി ഒത്തുനോക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ആുകളെ ചോദ്യം ചെയ്യുകയെന്നാണ് വിവരം. നടിയെ കാറിൽ ആക്രമിച്ച കേസിൽ സുനിയെ നേരത്തെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.
ഈ കേസിന്റെ തുടർച്ചയായുള്ള ഗൂഡാലോചനയുമായി ബന്ധപ്പെട്ട അന്വേഷണത്തിനാണ് സുനിയെ കസ്റ്റഡിയിൽ വാങ്ങിയത്. ജില്ലാ ജയിലിൽ നിന്ന് സുനി മൊബൈൽ ഫോണിൽ സംവിധായകൻ നാദിർഷാ, മാനേജർ അപ്പുണ്ണി എന്നിവരെ വിളിച്ച് പണത്തിനായി ഭീഷണിപ്പെടുത്തിയെന്ന് ദിലീപ് ഡിജിപിക്കു പരാതി നൽകിയിരുന്നു.
ഇതേത്തുടർന്നാണ് ജയിലിൽ ഫോണ് ഉപയോഗിച്ചതിന് സുനിക്കെതിരെ കേസെടുത്തത്. ഇതിന്റെയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. അതേസമയമം സുനിക്ക് സിംകാർഡ് എത്തിച്ച് നൽകാൻ സഹായിച്ച മലപ്പുറം സ്വദേശി ഇമ്രാനെ റിമാൻഡ് ചെയ്തു. വിഷ്ണുവാണ് ഇമ്രാനിൽ നിന്നും സിമ്മും ഫോണും വാങ്ങി സുനിക്ക് കൈമാറിയത്.