കൊച്ചി: യുവനടി ആക്രമണത്തിനിരയായ കേസിൽ മുഖ്യപ്രതി പൾസർ സുനി നേരത്തെ ചെയ്ത കുറ്റകൃത്യങ്ങളും പോലീസ് അന്വേഷിക്കുന്നു. മലയാള സിനിമയിലെ മറ്റൊരു നടിയെയും ഇയാൾ തട്ടികൊണ്ടുപോകാൻ ശ്രമിച്ച കേസും പോലീസ് അന്വേഷിക്കും.
ആക്രമണത്തിന് ഇരയായ മുൻകാല നടിയെ നാലുവർഷംമുന്പ് തട്ടികൊണ്ടുപോകാൻ ശ്രമിച്ചതുൾപ്പെടെ പുറത്തുവന്ന വിവരങ്ങൾ അന്വേഷിക്കുമെന്നാണു വിവരം. നേരത്തെയും ഇത്തരത്തിലുള്ള വാർത്തകൾ പുറത്തുവന്നിരുന്നെങ്കിലും പരാതികൾ ലഭിക്കാത്ത സാഹചര്യത്തിൽ അന്വേഷണം ഉണ്ടാകില്ലെന്നായിരുന്നു അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നത്. കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവം അവസാന ഘട്ടത്തിൽ എത്തിനിൽക്കേ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾക്കായാണു സുനിയുടെ മുൻകാല കുറ്റകൃത്യങ്ങളും പോലീസ് അന്വേഷിക്കുന്നത്.
അതേസമയം, കേസ് അന്വേഷണം അവസാന ഘട്ടത്തിലേക്ക് എത്തവേ ഇതിനകം ചോദ്യംചെയ്ത നടൻ ദിലീപ്, സംവിധായകൻ നാദിർഷ എന്നിവടക്കമുള്ളവരെ വീണ്ടും ചോദ്യംചെയ്യാൻ അന്വേഷണ സംഘം ഒരുങ്ങുകയാണെന്നാണു വിവരം. ഇതുവരെ ലഭിച്ച തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിൽ കൂടുതൽ വ്യക്തത ആവശ്യമായതിനാലാണു രണ്ടംഘട്ട ചോദ്യംചെയ്യൽ.
ദിലീപിനെയും നാദിർഷയെയും ദിലീപിന്റെ മാനേജർ അപ്പുണ്ണിയെയും കേസുമായി ബന്ധപ്പെട്ടു നേരത്തെ പന്ത്രണ്ടര മണിക്കൂർ ചോദ്യംചെയ്തിരുന്നു. ഇതിൽ ദിലീപും നാദിർഷയും നൽകിയ മൊഴികളിൽ വൈരുധ്യങ്ങൾ ഉള്ളതായി പറയുന്നുണ്ട്. രണ്ടാംഘട്ട ചോദ്യംചെയ്യലിൽ ഇതിനുള്ള വിശദീകരണം തേടും. അതിനിടെ കാവ്യാ മാധവന്റെ അമ്മ അടക്കമുള്ളവരുടെ മൊഴി പുതുതായി എടുക്കുമെന്നുള്ള വിവരങ്ങളും പുറത്തുവരുന്നു. അന്വേഷണച്ചുമതല വഹിക്കുന്ന ക്രൈം ബ്രാഞ്ച് നോർത്ത് സോണ്‍ ഐജി ദിനേന്ദ്ര കശ്യപ് കൊച്ചിയിലെത്തി അന്വേഷണ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചകൾ നടത്തി നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്.
സംഭവവുമായി ദിലീപിനെ നേരിട്ടു ബന്ധപ്പെടുത്തുന്ന കാര്യങ്ങൾ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരിൽനിന്ന് അറിയുന്നത്. എന്നാൽ മുഖ്യപ്രതിയായ പൾസൾ സുനിയെ അറിയില്ലെന്നു ദിലീപ് ചോദ്യം ചെയ്യലിനിടെ അറിയിച്ചതു പോലീസ് വിശ്വസിച്ചിട്ടില്ല.
ജയിലിൽനിന്നുള്ള ഫോണ്‍വിളി സംബന്ധിച്ച കാര്യങ്ങളിൽ ദിലീപും നാദിർഷയും നൽകിയതു പരസ്പരവിരുദ്ധ മൊഴികളാണെന്നാണു വിവരം. മുഖ്യപ്രതിയായ പൾസർ സുനി ജയിലിൽനിന്നു മൊബൈലിൽ നാദിർഷയെ നേരിട്ടു വിളിച്ചതായും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. മൂന്നു തവണയാണു ഫോണ്‍ ചെയ്തത്. ഇതിൽ ഒരു കോൾ എട്ട് മിനിറ്റ് നീണ്ടുനിന്നെന്നും പോലീസ് കണ്ടെത്തി.
നടിയെ ആക്രമിക്കുന്നതിന് മുൻപു പൾസർ സുനി കൂടുതൽ തവണ വിളിച്ച നാലു നന്പറുകളിൽനിന്നു ദിലീപിന്റെ മാനേജർ അപ്പുണ്ണിയുടെ ഫോണിലേക്കു വിളി പോയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. പൾസർ സുനി ദിലീപിനെ ബന്ധപ്പെടാനായി ഉപയോഗിച്ച നന്പറുകളാണിതെന്നാണു പോലീസ് സംശയിക്കുന്നത്. ഈ നാലു പേർ ആരാണെന്നും അവർ തമ്മിൽ സംസാരിച്ചത് എന്താണെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണു പോലീസ്.