കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പൾസർ സുനിയുടെ സഹതടവുകാരന്റെ രഹസ്യമൊഴി രേഖപ്പെടുത്താൻ കോടതിയുടെ നിർദേശം. കേസിലെ പ്രധാന പ്രതിയായ പൾസർ സുനിക്കൊപ്പം ഒരേ ജയിൽ മുറിയിൽ കഴിഞ്ഞിരുന്ന ചാലക്കുടി സ്വദേശി ജിൻസണിന്റെ മൊഴി രേഖപ്പെടുത്താനാണ് എറണാകുളം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി നിർദേശം നൽകിയത്. നടിക്കെതിരായ ആക്രമണത്തെ സംബന്ധിച്ച് പൾസർ സുനി ജിൻസനോട് നിർണായക വെളിപ്പെടുത്തൽ നടത്തിയെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന സൂചന.
മൊഴി രേഖപ്പെടുത്താനായി ആലുവ ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. മൊഴി രേഖപ്പെടുത്തിയശേഷം ഇത് സീൽ ചെയ്ത് അങ്കമാലി ജുഡീഷൽ മജിസ്ട്രേറ്റ് കോടതിക്ക് കൈമാറാനാണ് നിർദേശം.
ജയിലിനുള്ളിൽ വച്ചു പൾസർ സുനി എഴുതിയ കത്ത് പുറത്തെത്തിച്ചത് ജിൻസണ് ആണ്. ഇതേത്തുടർന്നാണ് ഇയാളുടെ മൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘം തീരുമാനിച്ചത്. മറ്റൊരു കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്പോഴാണ് പൾസർ സുനി കത്തെഴുതി ജിൻസണിനു കൈമാറിയത്.