ചാവക്കാട്: നടിയെ തട്ടികൊ ണ്ടുപോയ കേസിൽ അറസ്റ്റിലായ പൾസർ സുനിയെ വഞ്ചാനാ കേസിൽ മൂന്നുദിവസത്തേക്കു കുന്നംകുളം പോലീസ് കസ്റ്റഡിയിൽ വാങ്ങി. കുന്നംകുളം പോലീസ് കോടതിയിൽ നല്കിയ അപേക്ഷയെതുടർന്നാണ് അനുമതി.
വ്യക്തിപരമായ ആവശ്യത്തിനായി ബൈക്ക് വാങ്ങി തിരിച്ചുകൊടുക്കാത്തതിനെ തുടർന്നാണ് പൾസർ സുനിക്കെതിരെ ചൊവ്വന്നൂർ സ്വദേശി വഞ്ചനാകുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തത്. ഈ കേസിലാണ് കൂടുതൽ അന്വേഷണത്തിനായി പൾസർ സുനിയെ കോടതി മൂന്നുദിവസത്തേക്ക് കുന്നംകുളം പോലീസ് കസ്റ്റഡിയിൽ വിട്ടത്.
കുന്നംകുളം മജിസ്ട്രേറ്റ് ലീവായതിനാൽ ചാർജ് ചാവക്കാട് മജിസ്ട്രേറ്റിനായിരുന്നു. ഇന്നലെ രാവിലെ 11.30ന് എആർ ക്യാന്പിൽനിന്നുള്ള എസ്ഐ കെ. ഗിരീഷ് കുമാറിന്റെ നേതൃത്വത്തിലാണു പൾസർ സുനിയെ ചാവക്കാട് കോടതിയിൽ എത്തിച്ചത്. കോടതി കുന്നംകുളം പോലീസിന്റെ കസ്റ്റഡിയിൽ വിട്ടതോടെ സുനിയെ കുന്നംകുളം എസ്ഐ യു.കെ. ഷാജഹാനു കൈമാറി.
ചൊവ്വന്നൂർ സ്വദേശി ശങ്കരംതടത്തിൽ എബിൻ കുന്നംകുളം ഫസ്റ്റ് ക്ലാസ് കോടതിയിൽ മാർച്ച് ഒന്പതിനു നൽകിയ പരാതിയിലാണ് സുനിക്കെതിരെ വഞ്ചനാകുറ്റത്തിനു കേസെടുക്കാൻ കുന്നംകുളം പോലീസിനോടു കോടതി ഉത്തരവിട്ടത്. 2014ൽ എബിനുമായി അടുപ്പത്തിലായ സുനി സഹോദരിയുടെ വിവാഹം ക്ഷണിക്കാനാണെന്നും പറഞ്ഞ് കുറച്ചു ദിവസത്തേക്കു എബിന്റെ ബൈക്ക് വാങ്ങിയിരുന്നു. പലതവണ ചോദിച്ചെങ്കിലും തിരിച്ചുനല്കിയിരുന്നില്ല.
സംഭവത്തിൽ കുന്നംകുളം പോലീസിൽ എബിൻ പരാതി നല്കിയെങ്കിലും, സുനിയുടെ മേൽവിലാസം അറിയാത്തതിനാൽ കണ്ടെത്താനായില്ല. പുതിയ സംഭവവികാസങ്ങളെ തുടർന്നാണു സുനിയെ വീണ്ട ും എബിൻ കണ്ടെത്തിയതും, കോടതിയിൽ പരാതി നല്കിയതും.