കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സഹായം ആവശ്യപ്പെട്ട് നടൻ ദിലീപിന് അയച്ച കത്ത് എഴുതിയ കടലാസ് കാക്കനാട് ജയിലേതു തന്നെയെന്ന് തിരിച്ചറിഞ്ഞു. കത്തിലെ മുദ്രയും ജയിലിലേത് തന്നെയെന്ന് ജയിൽ അധികൃതർ സ്ഥിരീകരിച്ചു. കത്തിലെ കൈ അക്ഷരം പ്രതി പൾസർ സുനിയുടെ തന്നെയാണോയെന്ന് പോലീസ് പരിശോധിച്ച് വരികയാണ്. ജയിലിലെ അന്തേവാസികൾക്ക് അവർ ആവശ്യപ്പെട്ടാൽ കടലാസ് നൽകാറുണ്ടെന്ന് ജയിൽ അധികൃതർ പറയുന്നു. ഇത്തരത്തിൽ പൾസർ സുനിക്കും കടലാസ് കൈമാറിയിട്ടുണ്ട്. മുദ്രവച്ച കടലാസാണ് കൈമാറിയതെന്നും അധികൃതർ പറയുന്നു.
തന്നെയും ഒപ്പമുള്ള അഞ്ച് പേരെയും രക്ഷിക്കണമെന്ന ആവശ്യപ്പെട്ടാണ് സുനി ദിലീപിന് കത്ത് എഴുതിയത്. കാക്കനാട് ജയിലിൽ കഴിയുന്ന സുനി സുഹൃത്ത് വിഷ്ണു വഴിയാണ് ദിലീപിന് കത്ത് എത്തിച്ചു നൽകിയത്. കത്ത് കഴിഞ്ഞ ഏപ്രിൽ 20ന് ദിലീപ് പോലീസിന് കൈമാറുകയും ചെയ്തിരുന്നു.
നടിയെ ആക്രമിച്ച സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചത് ദിലീപിന്റെ നിർദ്ദേശപ്രകാരമായിരുന്നു എന്ന സൂചന നൽകുന്നതാണ് പൾസർ സുനിയുടെ കത്തിലെ വാക്കുകൾ. സംഭവത്തിന് ശേഷം ദിലീപ് തിരിഞ്ഞുനോക്കിയില്ലെന്ന പരിഭവമാണ് സുനിൽകുമാർ കത്തിൽ പങ്കുവയ്ക്കുന്നത്. ചേട്ടന് എല്ലാ കാര്യവും അറിയാമല്ലോ. പണത്തിന് അത്ര ആവശ്യമുള്ളതുകൊണ്ടാണ് ഇപ്പോൾ ചേട്ടനെ ബുദ്ധിമുട്ടിക്കുന്നത്.
വാഗ്ദാനം ചെയ്ത പണം പല തവണയായെങ്കിലും തരണം. കത്തുമായി വരുന്ന വിഷ്ണുവിനോട് സഹായിക്കാൻ പറ്റുമോ എന്ന കാര്യം വ്യക്തമാക്കുക അല്ലെങ്കിൽ, 300 രൂപ തന്റെ ജയിൽ വിലാസത്തിലേക്ക് മണിഓർഡർ അയക്കുക. മണിഓർഡർ ലഭിച്ചാൽ ചേട്ടൻ കൈവിട്ടിട്ടില്ലെന്ന് വിശ്വസിച്ചോളാം എന്നും സുനിൽകുമാർ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.