കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ അമ്മ ശോഭനയുടെ രഹസ്യമൊഴിയെടുക്കാന്‍ പ്രത്യേക അന്വേഷണ സംഘം എറണാകുളം സിജെഎം കോടതിയില്‍ അപേക്ഷ നല്‍കും.
ഇതിനായി അന്വേഷണ സംഘം നിയമോപദേശം തേടിയതായാണ് അറിയുന്നത്. അതേസമയം കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം ശോഭനയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
പള്‍സര്‍ സുനി അമ്മയ്ക്ക് കൈമാറിയ കത്ത് കഴിഞ്ഞദിവസം പുറത്തുവന്നതിന് പിന്നാലെ പെരുമ്പാവൂര്‍ ഇളമ്പകപ്പിള്ളിയിലെ വീട്ടിലെത്തിയാണ് ശോഭനയുടെ മൊഴി രേഖപ്പെടുത്തിയത്. നടിയെ ആക്രമിച്ച കേസില്‍ വഴിത്തിരിവായ കത്ത് പോലീസ് കസ്റ്റഡിയിലെടുത്തു.
2018 മേയ് ഏഴിന് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് പള്‍സര്‍ സുനി അമ്മയ്ക്ക് കത്ത് നല്‍കിയത്. മകന്റെ ജീവന് ഭീഷണിയുള്ളതിനാലാണ് ഇപ്പോള്‍ കത്ത് പുറത്തുവിടുന്നതെന്നു ശോഭന കഴിഞ്ഞദിവസം മധ്യമങ്ങളോട് പറഞ്ഞിരുന്നു.
തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പുറത്തുവിടണമെന്ന് പറഞ്ഞാണ് കത്ത് സുനി ഏല്‍പ്പിച്ചത്. നടിയോട് സുനിക്ക് യാതൊരു വൈരാഗ്യവുമുണ്ടായിരുന്നില്ലെന്നും നടന് ദിലീപ് പറഞ്ഞിട്ടാണ് സുനി നടിയെ ആക്രമിച്ചതെന്നും ശോഭന പറഞ്ഞു.
കത്തില്‍ ദിലീപിനെതിരേ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.തനിക്ക് ശിക്ഷ കിട്ടിയാലും പരിഭവമോ വിഷമമോ ഇല്ല. കാരണം ഞാന്‍ തെറ്റ് ചെയ്തിട്ടുണ്ട്. പക്ഷേ അത് എനിക്ക് വേണ്ടിയല്ല.
ദിലീപിന് വേണ്ടിയാണ് കൃത്യം നടത്തിയതെന്ന് സുനി പറയുന്നു. 2015ല്‍ കൊച്ചിയിലെ ഒരു ഹോട്ടലില്‍ വച്ചാണ് സംഭവത്തിന്റെ ഗൂഢാലോചന നടന്നതെന്നും കത്തിലുണ്ട്.
ദിലീപിനെതിരേ ഗുരുതര വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന് ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി 12ന് രേഖപ്പെടുത്തും. എറണാകുളം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ട് ആണ് മൊഴി രേഖപ്പെടുത്തുക. ബാലചന്ദ്രകുമാറിന് കോടതി സമന്‍സ് അയച്ചു.