കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ നിര്‍ണായ ഫോണ്‍ സംഭാഷണം പുറത്ത്. സംവിധായകന് ബാലചന്ദ്രകുമാറിനെ മൂന്നിലേറെ തവണ കണ്ടിട്ടുണ്ടെന്ന് ഫോണ്‍ സംഭാഷണത്തില്‍ പറയുന്നത്. കേസില്‍ സാക്ഷിയായ ജിന്‍സനുമായി നടത്തിയ ഫോണ്‍ സംഭാഷണമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
സുനിയുടെ സഹതടവുകാരനായിരുന്നു ജിന്സന്. ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളെക്കുറിച്ച് സംഭാഷണത്തില്‍ പറുന്നുണ്ട്.ആലുവയിലെ ദിലീപിന്റെ വീട്ടില്‍വച്ചും ഹോട്ടലില്‍വച്ചും ബാലചന്ദ്രകുമാറിനെ കണ്ടു. പിക് പോക്കറ്റ് സിനിമയുമായി ബന്ധപ്പെട്ടും കണ്ടിട്ടുണ്ടെന്നാണ് സുനില്‍ പറയുന്നുണ്ട്.
ദിലീപിനൊപ്പം മുഖ്യ പ്രതിയായ സുനിലിനെ നിരവധി വട്ടം കണ്ടെന്നായിരുന്നു ബാല ചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. ജിന്‍സനുമായി സുനി ഫോണില്‍ സംസാരിച്ചത് ജയിലില്‍ വച്ചാണ്. ഫോണ്‍വിളിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.
ക്രൈബ്രാഞ്ച് എസ്പി മോഹനചന്ദ്രന് അന്വേഷിക്കും
അതേസമയം കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാചോലന നടത്തിയ സംഭവം എറണാകുളം ക്രൈബ്രാഞ്ച് എസ്പി മോഹനചന്ദ്രന് അന്വേഷിക്കും. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എടുത്ത കേസ് കൊച്ചി യൂണിറ്റിന് കൈമാറി.
ഒന്നാം പ്രതി ദിലീപിനെ കൂടാതെ സഹോദരന് അനൂപ്, സഹോദരീ ഭര്‍ത്താവ് സൂരജ്, അനൂപിന്റെ ഭാര്യാസഹോദരന്‍ അപ്പു, ദിലീപിന്റെ സുഹൃത്തായ ബൈജു ചെങ്ങമനാട്, കണ്ടാലറിയാവുന്ന മറ്റൊരാലുമടക്കം ആറ് പേര്‍ക്കെതിരേയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
2017 നവംബര്‍ 15ന് രാത്രി ദിലീപിന്റെ ആലുവയിലെ വീട്ടില്‍ വെച്ച് ഗൂഢാലോചന നടത്തിയെന്നാണ് സംവിധായകന് ബാലചന്ദ്രകുമാറിന്റെ മൊഴി. അന്വേഷണ ഉദ്യോഗസ്ഥരായ എസ്പി കെ.എസ്. സുദര്ശന്, ഡിവൈഎസ്പി ബൈജു പൗലോസ് തുടങ്ങിയവരെ അപായപ്പെടുത്താന്‍ ദിലീപിന്റെ നേതൃത്വത്തില്‍ ശ്രമിച്ചെന്നാണ് കേസ്. ഇതിന്റെ വിശദ വിവരങ്ങളടങ്ങുന്ന എഫ്ഐആര്‍ ഇന്നലെ പുറത്തു വന്നിരുന്നു.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ പ്രതിയാക്കി അറസ്റ്റ് ചെയ്തതിലുള്ള വിരോധത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്തുന്നതിനുള്ള ഉദ്ദേശത്തോടെ കേസിലെ പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നാണ് എഫ്ഐആറില്‍ പറയുന്നത്.
ദിലീപിന്റെ ആലുവ കൊട്ടാരക്കടവിലുള്ള പത്മസരോവരം എന്ന വീട്ടില്‍വച്ചാണ് ഗൂഢാലോചന നടന്നതെന്നും പറയുന്നു. എഫ്ഐആര്‍ ഇന്ന് ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കും.
ചോദ്യംചെയ്യൽ ഉടൻ
സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ദിലീപിനെയും പള്‍സര്‍ സുനിയെയും അധികം താമസിയാതെ ചോദ്യം ചെയ്യും. പള്‍സര്‍ സുനി ഉള്‍പ്പെടെ ജയിലുള്ള മൂന്നു പ്രതികളെ ചോദ്യം ചെയ്യുന്നതിന് അനുമതിക്കായി കോടതിയില്‍ ഉടന്‍ അപേക്ഷ സമര്‍പ്പിക്കുമെന്ന് ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്ത് അറിയിച്ചു.
ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴിയെടുക്കാന്‍ എറണാകുളം സിജെഎം കോടതി കഴിഞ്ഞയാഴ്ച അനുമതി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ബുധാഴ്ച മജിസ്ട്രേറ്റിന് മുമ്പില്‍ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴിയെടുക്കും. അതിന് ശേഷം ദിലീപിനെയും മറ്റു പ്രതികളെയും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.