കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ മുഖ്യപ്രതി പൾസർ സുനിയെ ജയിലിൽ ഫോണ് ഉപയോഗിച്ച കേസിൽ പോലീസ് കസ്റ്റഡയിൽ ലഭിച്ചിട്ട് ഇന്ന് മൂന്നു ദിവസമാകുന്പോൾ വന്പൻ സ്രാവുകളോ ചെറു മീനുകളോ പുറത്തു വന്നില്ല. ചോദ്യം ചെയ്യുന്നതു തുടരുന്നുണ്ടെങ്കിലും ഡിജിപിയും മന്ത്രിയും അടക്കം പറഞ്ഞ അറസ്റ്റിലേക്കു കാര്യങ്ങൾ എത്തിക്കാൻ പോലീസിനു ഇതുവരെയും സാധിച്ചിട്ടില്ല.
അഞ്ചു ദിവസത്തിനുള്ളിൽ ഞെട്ടിക്കുന്ന അറസ്റ്റുകൾ ഉണ്ടാവുമെന്നു ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞിരുന്നെങ്കിലും അത്രയും ദിനങ്ങൾ പിന്നിട്ടിട്ടും പ്രത്യക്ഷത്തിൽ ഒന്നും നടന്നില്ല. ഡിജിപി പറഞ്ഞതിന്റെ ചുവടു പിടിച്ചു മന്ത്രി മേഴ്സിക്കുട്ടിയമ്മയും അറസ്റ്റ് ഉണ്ടാവുമെന്നു പറഞ്ഞിരുന്നു.
പ്രധാനമായും നാദിർഷയെയും ദിലീപിന്റെ മാനേജർ അപ്പുണ്ണിയെയും പൾസർ സുനി വിളിച്ചു ഭീഷണിപ്പെടുത്തിയതിന്റെ പിന്നിലെ ഉദ്ദേശ്യത്തെപ്പറ്റി ഇതുവരെയും മനസിലാക്കാൻ സാധിച്ചിട്ടില്ലെന്നുള്ളതാണ് പോലീസിനെ കുഴയ്ക്കുന്നത്. ഇരുവരെയും ഫോണ് ചെയ്തുവെന്നു സമ്മതിക്കുന്പോൾ പോലും അതിന്റെ കാരണങ്ങൾ സുനി പറയുന്നതു വിശ്വാസത്തിലെടുക്കാൻ പോലീസ് സംഘം തയാറായിട്ടില്ല. എന്നാൽ, പണം ആവശ്യപ്പെട്ടാണു നാദിർഷയെയും അപ്പുണ്ണിയെയും വിളിച്ചെതെന്നു ഇന്നലെ സുനി പറഞ്ഞതായി വിവരമുണ്ട്. ഇങ്ങനെയാണെങ്കിൽ ഇവരിൽനിന്ന് എന്തിനാണ് പണം ആവശ്യപ്പെട്ടതെന്നുള്ള ചോദ്യത്തിന് ഉത്തരം തേടാനാണ് പോലീസ് ശ്രമം. പ്രമുഖരെ കേസിലേക്കു വലിച്ചിഴച്ചു മുതലെടുപ്പിനുള്ള ശ്രമമാണോ സുനി നടത്തുന്നതെന്നു പോലീസ് പരിശോധിക്കുന്നുണ്ട്.
നിലവിൽ പൾസർ സുനിയെ കൂടാതെ നാലു പേരാണു ഫോണ് വിളി കേസിൽ പോലീസിന്റെ കസ്റ്റഡിയിലുള്ളത്. കാക്കനാട് ജില്ലാ ജയിലിൽ സുനിയോടൊപ്പം കഴിഞ്ഞിരുന്ന വിഷ്ണു, വിപിൻലാൽ, മേസ്തിരി സുനിൽ എന്ന സുനിൽ കുമാർ എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്. വിഷ്ണുവിനു കോയന്പത്തൂരിൽനിന്നു ഫോണ് എത്തിച്ച മലപ്പുറം സ്വദേശി ഇമ്രാനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ഇന്നു കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങുമെന്നാണ് ഉന്നത പോലീസ് കേന്ദ്രങ്ങളിൽനിന്നു ലഭിക്കുന്ന വിവരം.
ജയിലിൽനിന്നു സുനി ദിലീപിന് എഴുതിയെന്നു പറയുന്ന കത്തിലെ കൈയ്യക്ഷരം വിപിൻ ലാലിന്റേതാണെന്നു അന്വേഷണ സംഘത്തിനു വ്യക്തമായിരുന്നു. ജയിലിനുള്ളിൽ ഫോണ് എത്തിക്കുന്നതിനു സഹായം ഒരുക്കിയതു വിഷ്ണുവുമാണ്. ഇവരെ രണ്ടു പേരെയും ഇന്നലെയാണ് മൂന്നു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടത്. വിഷ്ണുവിനെയും വിപിനെയും ഒറ്റയ്ക്കു ചോദ്യം ചെയ്ത ശേഷം പൾസർ സുനിക്കും മേസ്തി സുനിലിനുമൊപ്പവും ചോദ്യം ചെയ്തിരുന്നു. ഒറ്റയ്ക്കു ചോദ്യം ചെയ്തപ്പോൾ പറഞ്ഞ കാര്യങ്ങളല്ല ഒരുമിച്ചു ചോദ്യം ചെയ്യലിൽ പ്രതികൾ പറയുന്നതെന്നാണ് സൂചന.
ഇന്നലെ അറസ്റ്റിലായ ഇമ്രാനെയും ഇവർക്കൊപ്പം ചോദ്യം ചെയ്യുന്നതോടെ കേസിൽ കൂടുതൽ ധാരണകൾ ലഭിക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. അതേ സമയം, വിപിനും വിഷ്ണവും ഇന്നലെ മാധ്യമങ്ങളോടു വെളിപ്പെടുത്തിയതിലും വൈരുധ്യമുണ്ട്. കേസിൽ ഗൂഡാലോചനയുണ്ടെന്നും സുനി പറഞ്ഞതെല്ലാം ശരിയാണെന്നുമാണ് വിഷ്ണു പറഞ്ഞത്. സ്രാവുകൾക്കൊപ്പം നീന്തുന്പോൾ ഇങ്ങനെയെല്ലാം സംഭവിക്കുമെന്നും ദിലീപാണോ പിന്നിലെന്ന ചോദ്യത്തിനു അങ്ങനെയാവാം, അറിയില്ലെന്നുള്ള മറുപടിയുമാണ് വിഷ്ണു നൽകിയത്. എന്നാൽ, ഇതിനു കടക വിരുദ്ധമായ പ്രതികരണമാണു വിപിൻ നടത്തിയത്. പൾസർ സുനിയും ജയിൽ അധികൃതരും ഭീഷണിപ്പെടുത്തിയാണു ജയിലിൽനിന്നു കത്തെഴുതിപ്പിച്ചതെന്നാണ് വിപിൻ പറഞ്ഞത്.
അതേസമയം, ആലുവ പോലീസ് ക്ലബിൽ നടൻ ദിലീപിന്റെയും സംവിധായകൻ നാദിർഷയുടെയും സുഹൃത്തുക്കളെ വിളിച്ചു വരുത്തി മൊഴിയെടുക്കുന്നതു തുടരുന്നുണ്ട്. സിനിമയ്ക്കുള്ളിലെയും പുറത്തെയും സുഹൃത്തുക്കളെ അന്വേഷണ സംഘം വിളിച്ചു വരുത്തുന്നുണ്ട്. പ്രധാനമായും സാന്പത്തിക ഇടപാടുകളും റിയൽ എസ്റ്റേറ്റ് ഇടപാടുകളും സംബന്ധിക്കുന്ന കാര്യങ്ങളാണു പോലീസ് ചോദിക്കുന്നതെന്നാണു വിവരം.