വിവാഹം കഴിഞ്ഞ് നിമിഷങ്ങൾക്കകം യുവതി ബന്ധം വേർപടുത്തി. വിവാഹത്തിനു ശേഷം വരൻ ഒരു അടിപൊളി ബൈക്ക് തനിക്ക് വേണമെന്ന് ആവശ്യപ്പെട്ട് വധുവിന്റെ അച്ഛനോട് അപമര്യാദയായി പെരുമാറിയതാണ് വധുവിനെ ചൊടിപ്പിച്ചത്. ജാർഖണ്ഡിലെ റാഞ്ചി ജില്ലയിലെ ചാൻദേവ് ഗ്രാമത്തിൽ കല്യാണത്തിന് പങ്കെടുക്കാൻ എത്തിയ അതിഥികളെ സാക്ഷിനിർത്തിയായിരുന്നു സംഭവം നടന്നത്.
വരന്റെ ആവശ്യപ്രകാരം വധുവിന്റെ പിതാവ് ഹീറോ പാഷൻ പ്രോ ബൈക്ക് വരന് നൽകുന്നതിനായി വാങ്ങിയിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞപ്പോൾ തനിക്ക് ഇതു പോരാ, ബജാജ് പൾസർ വേണമെന്ന് വരൻ വാശിപിടിച്ചു. ഇതിനെ തുടർന്നുണ്ടായ വാക്കു തർക്കമുണ്ടായപ്പോൾ വരൻ വധുവിന്റെ അച്ഛനോട് മോശമായി പെരുമാറി. ഗ്രാമവാസികൾ എല്ലാം ചേർന്ന് വരനെ അനുനയിപ്പിക്കാൻ ശ്രമിച്ചങ്കിലും വധുവിനെ കൂട്ടാതെ വരൻ വീട്ടിലേക്ക് പോകുവാൻ ഒരുങ്ങുകയായിരുന്നു.
സംഭവം അറിഞ്ഞ വധു തന്റെ അച്ഛനെ വീടിനുള്ളിലേക്ക് വിളിച്ച് അച്ഛനെ ബഹുമാനമില്ലാത്ത ഒരാളെ തനിക്ക് ആവശ്യമില്ലന്നും.പണത്തോട് അത്യാർത്തി മൂത്ത ഒരാളുടെ ഒപ്പം ജീവിക്കാൻ കഴിയില്ലന്നും പറയുകയായിരുന്നു. തുടർന്ന് പുരോഹിതരുടെ സാന്നിധ്യത്തിൽ വിവാഹം കഴിഞ്ഞ് അര മണിക്കൂറിനു ശേഷം യുവതി തലാഖ് ചൊല്ലി ബന്ധം അവസാനിപ്പിച്ചു. ആദ്യം നൽകിയ സ്ത്രീധനം തിരികെ നൽകണമെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടപ്പോൾ നൽകില്ലന്നായിരുന്നു വരന്റെ മറുപടി. തുടർന്ന് ഗ്രാമവാസികൾ വരനെയും സഹോദരനയും പിടിച്ച് തലമൊട്ടയടിച്ച് ചെരുപ്പുമാല കഴുത്തിൽ അണിയിച്ച് “എനിക്ക് സ്ത്രീധനത്തോട് അത്യാർത്തിയാണ്’ എന്നെഴുതിയ കാർഡ് കഴുത്തിൽ തൂക്കി. വീട്ടിൽ പോകാൻ അനുവദിക്കുന്നതിനു മുന്‍പ് മാപ്പ് എഴുതി വാങ്ങുകയും വാങ്ങിയ സ്ത്രീധനം തിരികെ നൽകിക്കൊള്ളാമെന്ന് ഉറപ്പ് എഴുതി വാങ്ങിക്കുകയും ചെയ്തു.
ജാർഖണ്ഡിൽ സമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ സ്ത്രീധനത്തിനെതിരെ വലിയ രീതിയിലാണ് ബോധവത്ക്കരണം നടക്കുന്നത്. ഇതേ തുടർന്ന് 800 മുസ്ലീം കുടുംബങ്ങൾ പെണ്‍കുട്ടികളുടെ കൈയിൽ നിന്നും വാങ്ങിയ സ്ത്രീധന തുക മടക്കി നൽകുകയും ചെയ്തിരുന്നു. ഹാജി മുംതാസ് അലി എന്നയാളുടെ നേതൃത്വത്തിലാണ് ഈ ബോധവത്ക്കരണ പരിപാടികൾ എല്ലാം നടക്കുന്നത്. ജാർഖണ്ഡിലെ പാലാമു ജില്ലയിലാണ് ആദ്യം ഈ പരിപാടികൾ ആരംഭിച്ചത്. ഇപ്പോൾ ഇത് സമീപ ജില്ലകളിലേക്കും വ്യാപിച്ചിരിക്കുകയാണ്. സമൂഹത്തിൽ നിലനിൽക്കുന്ന ഇത്തരത്തിലുള്ള വിപത്തുകളെ പിഴുതു കളയണമെന്നാണ് ഹാജി മുംതാസ് അലി പറയുന്നത്.