കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ഇന്ന് വിചാരണ നടക്കുന്ന എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിൽ ജാമ്യാപേക്ഷ നല്‍കും. അപേക്ഷ നാളെ പരിഗണിച്ചേക്കും. കോടതി ജാമ്യ വ്യവസ്ഥകള്‍ നിശ്ചയിക്കുന്നതോടെ പള്‍സര്‍ സുനിക്ക് പുറത്തിറങ്ങാനാകും.
പള്‍സര്‍ സുനിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചെങ്കിലും ഒരാഴ്ചയ്ക്കുള്ളില്‍ വിചാരണ കോടതിയില്‍ സുനിയെ ഹാജരാക്കി ജാമ്യത്തില്‍ വിടണമെന്നാണ് കോടതി നിര്‍ദേശിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായാണ് ഇന്ന് വിചാരണ കോടതിയില്‍ പള്‍സര്‍ സുനി അപേക്ഷ നല്‍കുന്നത്.
അപേക്ഷ നാളെ കോടതി പരിഗണിച്ചാല്‍ പള്‍സര്‍ സുനിയെ ഹാജരാക്കും. വിചാരണ കോടതിയാണ് ജാമ്യ ഉപാധികള്‍ നിശ്ചയിക്കുക. അതിനാല്‍ കര്‍ശന ഉപാധികള്‍ക്കായി സര്‍ക്കാരിന്റെ വാദമുമുണ്ടാകും.
സുനി നിലവില്‍ എറണാകുളം സബ്ജയിലില്‍ റിമാന്‍ഡിലാണ്. കോടതി ഉപാധി നിശ്ചയിച്ചു കഴിഞ്ഞാല്‍ പള്‍സര്‍ സുനിക്ക് പുറത്തിറങ്ങാന്‍ സാധിക്കും. കേസില്‍ 261 സാക്ഷികളുടെ വിസ്താരവും വാദവും കഴിഞ്ഞദിവസം പൂര്‍ത്തിയായിരുന്നു. ഇനി പ്രതിഭാഗത്തിന് അന്തിമവാദമുന്നയിക്കാന്‍ ഈ മാസം 26 മുതല്‍ അവസരമുണ്ട്.