നടിയെ ആക്രമിച്ച കേസില്‍ നുണ പരിശോധനയ്ക്ക് വിസമ്മതിച്ച് പള്‍സര്‍ സുനി. മിനിറ്റ് ഇടവിട്ട് മൊഴിമാറ്റുന്ന സുനിയെ നുണപരിശോധനയ്ക്കു വിധേയമാക്കി കേസിലെ ഗൂഢാലോചന തെളിയിക്കാമെന്ന പോലീസിന്റെ പദ്ധതിയ്ക്ക ഇതോടെ തിരിച്ചടിയേറ്റിരിക്കുകയാണ്. അഭിഭാഷകന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് കാണാതെ പഠിച്ചപോലെയാണ് സുനി ഓരോന്നും പറയുന്നത്. ഇനി പോലീസിനു മുമ്പില്‍ അവശേഷിക്കുന്നത് മൂന്നാംമുറ മാത്രമാണ്. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നു വ്യക്തമായിട്ടും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഒന്നും ചെയ്യാനാവാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്.
സുനി മൊഴി മാറ്റിപ്പറഞ്ഞ സാഹചര്യത്തില്‍ ഇയാളെ നുണ പരിശോധനയ്ക്ക് വിധേയനാക്കാന്‍ അനുമതി തേടി അന്വേഷണ ഉദ്യോഗസ്ഥര്‍ നല്കിയ അപേകഷയെ സുനിയുടെ അഭിഭാഷകര്‍ എതിര്‍ത്തിരുന്നു. നുണ പരിശോധനയ്ക്കു വിധേയനാകുന്നയാളുടെ സമ്മതം കൂടിയേ തീരു. ഇയാളുടെ മൊഴികളില്‍ വൈരുദ്ധ്യമുള്ളതിനാല്‍ പോളിഗ്രാഫ് ടെസ്റ്റിന് വിധേയനാകാന്‍ അനുവദിക്കണമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ആലുവ കോടതിയില്‍ അവശ്യപ്പെട്ടത്. മൊബൈല്‍ ഫോണ്‍ കായലിലെറിഞ്ഞെന്ന പ്രതിയുടെ മൊഴി ശരിയോയെന്ന് പോളിഗ്രാഫിലൂടെ കണ്ടെത്താമെന്നായിരുന്നു പ്രതീക്ഷ.
ദൃശ്യങ്ങള്‍ പകര്‍ത്താനുപയോഗിച്ച മൊബൈല്‍ ഫോണ്‍ കായലില്‍ എറിഞ്ഞുകളഞ്ഞെന്ന പ്രതിയുടെ മൊഴി ശരിയോയെന്ന് ഉറപ്പിക്കാന്‍ പോളിഗ്രാഫ് ടെസ്റ്റ് ആവശ്യമായിരുന്നു. സാക്ഷിയായാലും പ്രതിയായാലും സ്വയം നല്കുന്ന അനുമതിയുണ്ടെങ്കിലേ കോടതിക്ക് പോളിഗ്രാഫ് ടെസ്റ്റിന് ഉത്തരവിടാനാകൂ. ഇക്കാര്യത്തില്‍ സുനി വിസമ്മതിച്ചതോടെ ആ പ്രതീക്ഷയും ചീറ്റി. അഞ്ചു ദിവസത്തെ കസ്റ്റഡി കൂടി കിട്ടിയിട്ടുണ്ട് എന്നതാണ് നിലവിലെ ആശ്വാസം. എന്നാല്‍ കാര്യങ്ങള്‍ ഇങ്ങനെ പോവുകയാണെങ്കില്‍ കേസ് എങ്ങുമെത്തില്ലെന്ന ഭീതിയും നിലനില്‍ക്കുന്നുണ്ട്.