കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപിനെ കുരുക്കിലാക്കാന്‍ പോലീസിന് ലഭിച്ച ശക്തമായ തെളിവുകള്‍ ഏതൊക്കെയാണന്ന് പുറത്തുവരുന്നു. മുഖ്യപ്രതി പള്‍സര്‍ സുനിയുമായി തനിക്ക് ബന്ധമൊന്നുമില്ലെന്ന് ആവര്‍ത്തിച്ച് പറയുന്ന ദിലീപിനെ തങ്ങളുടെ കൈവശമുള്ള തെളിവുകള്‍ പോലീസ് കാണിച്ചതായും റിപ്പോര്‍ട്ടുണ്ട്. കാവ്യയുമായും കുടുംബവുമായി പള്‍സര്‍ സുനിക്ക് അടുത്ത ബന്ധമുണ്ടെന്ന തെളിവുകളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. കാവ്യയുടെ സഹോദരന് മിഥുന് മാധവന്റെ കല്യാണത്തിന് പള്‍സര്‍ സുനി സജീവമായി പങ്കെടുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. സുനിയെ അറിയില്ലെന്ന കാവ്യയുടെ നിലപാടിനെ പൊളിച്ചടുക്കാന്‍ ഈ ദൃശ്യങ്ങള്‍ പോലീസിനെ സഹായിക്കും. അതേസമയം കാവ്യയെ അറസ്റ്റ് ചെയ്യാന്‍ നീക്കമുള്ളതായും സൂചനയുണ്ട്. ഓണത്തിനുശേഷമായിരിക്കും ഇത്.
2014 ഏപ്രില്‍ മാസമായിരുന്നു മിഥുന് മാധവന്റെ വിവാഹം. വീഡിയോ ആല്‍ബത്തില്‍ നിന്നാണ് പള്‍സര്‍ സുനി വിവാഹത്തില്‍ പങ്കെടുത്തതായി കണ്ടെത്തിയത്. മാത്രമല്ല, 2015 ഏപ്രില്‍ മാസം കാവ്യയുടെ വെണ്ണലയിലെ വില്ലയില്‍ സുനി എത്തിയതിനും പോലീസിന്റെ കൈയില്‍ തെളിവുകളുണ്ട്. പള്‍സര്‍ ബൈക്കിലെത്തിയ സുനിയുടെ ബൈക്ക് നമ്പറും മൊബൈല്‍ നമ്പറും പേരും വില്ലയുടെ സെക്യൂരിറ്റി രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വീട്ടിലെത്തിയ സുനി കാവ്യാമാധവന്റെ അച്ഛനേയും അമ്മയേയും അവരുടെ കാറില്‍ കയറ്റി പുറത്തേക്ക് പോയതിനും പൊലീസിന് തെളിവുകളുണ്ട്. ഇക്കാര്യം ചോദ്യം ചെയ്യലില്‍ സുനിയും സമ്മതിച്ചിരുന്നു.
നടി ആക്രമിക്കപ്പെട്ടതിനുശേഷം കാവ്യയുടെയും ദിലീപിന്റെയും അടുത്ത ബന്ധുക്കളുടെ ഫോണ്‍ സംഭാഷണങ്ങള്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ദിലീപ് ശ്രദ്ധാപൂര്‍വം ഫോണ്‍ ഉപയോഗിച്ചെങ്കിലും കാവ്യ ബന്ധുക്കളുമായി സംസാരിച്ച പല കാര്യങ്ങളും പോലീസിന് പിടിവള്ളിയായി. ദിലീപ്- കാവ്യ വിവാഹം കഴിഞ്ഞതിന് ശേഷം ആലുവയിലെ വീട്ടിലെത്തിയ സുനി അവിടെ നിന്ന് 25,000 രൂപ വാങ്ങിയെന്നും പോലീസിന് മൊഴി ലഭിച്ചിട്ടുണ്ട്.
അതേസമയം, ദിലീപ് അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ അനുമതി തേടി കോടതിയെ സമീപിച്ചു. ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രത്യേക അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ സമര്‍പ്പിച്ചത്. സെപ്റ്റംബര്‍ ആറിനാണ് ദിലീപിന്റെ അച്ഛന് പത്മനാഭന് പിള്ളയുടെ ശ്രാദ്ധദിനം. അന്ന് രാവിലെ ഏഴു മുതല്‍ 11 വരെ വീട്ടില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നാണ് ആവശ്യം. ദിലീപിന്റെ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. അതേസമയം ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഈ മാസം 16 വരെ അങ്കമാലി മജിസ്ട്രേറ്റ് കോടതി നീട്ടി. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് ദിലീപിനെ കോടതി മുമ്പാകെ ഹാജരാക്കിയത്.