കൊച്ചി:കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയും ഗൂഢാലോചനക്കുറ്റം ചാര്‍ത്തപ്പെട്ട് ജയിലില്‍ കഴിയുന്ന നടന് ദിലീപുമായി ഒത്തുതീര്‍പ്പ് ശ്രമം നടന്നതായി വിവരം. സുനി ജയിലില്‍വച്ച് എഴുതിയ കത്ത് ദിലീപിനു ലഭിച്ചതിനു പിന്നാലെയാണ് ഒത്തുതീര്‍പ്പിനു ശ്രമം നടന്നത്. എന്നാല്‍, വിഷ്ണു ഉള്‍പ്പെടെയുള്ള സുനിയുടെ സഹതടവുകാര്‍ വിവരം അറിഞ്ഞതോടെ നീക്കം പാളുകയായിരുന്നു. ഇതിനു ശേഷമാണ് ദിലീപ് ബ്ലാക് മെയിലിംഗ് ആരോപിച്ച് പരാതി നല്‍കിയത്. ചോദ്യം ചെയ്യലില്‍ സുനി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സുനിയുടെ സഹതടവുകാരനായിരുന്ന വിഷ്ണു, തന്റ സുഹൃത്ത് നാദിര്‍ഷയെയും മാനേജര്‍ അപ്പുണ്ണിയെയും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചെന്നു പറഞ്ഞായിരുന്നു ദിലീപ് ഡിജിപിയ്ക്ക് പരാതി നല്‍കിയത്. പിന്നീടു സുനില്‍ ജയിലില്‍ നിന്നു മറ്റൊരാളുടെ സഹായത്തോടെ ദിലീപിന് എഴുതിയ കത്തും പുറത്തായി. ജയിലിലേക്ക് ഒളിച്ചു കടത്തിയ മൊബൈല്‍ ഫോണിലൂടെയും ജയിലിലെ ലാന്‍ഡ് ഫോണില്‍ നിന്നു സുനില്‍ നാദിര്‍ഷായെയും അപ്പുണ്ണിയെയും വിളിച്ചതായും തിരിച്ചു ജയിലിലേക്കു സുനിലിന് ഇവരുടെ വിളിയെത്തിയതായും ഫോണ്‍ രേഖകളില്‍ നിന്നു പൊലീസിനു വ്യക്തമായിട്ടുണ്ട്.
റിമാന്‍ഡില്‍ കഴിയവെ പള്‍സര്‍ സുനി സഹതടവുകാരന് വഴി നടന് ദിലീപിനു കൊടുത്തുവിട്ടതായി പറയപ്പെടുന്ന കത്തിന്റെ പൂര്‍ണരൂപം
‘ദിലീപേട്ടാ ഞാന്‍ സുനിയാണ്, ജയിലില്‍ നിന്നാണ് ഇതെഴുതുന്നത്, വളരെ ബുദ്ധിമുട്ടിയാണ് ഞാന്‍ ഈ കത്തു കൊടുത്തു വിടുന്നത്. ഈ കത്ത് കൊണ്ടുവരുന്നവനു കേസിനെ പറ്റി കാര്യങ്ങള്‍ ഒന്നും അറിയില്ല. എനിക്കു വേണ്ടി അവന് ബുദ്ധിമുട്ടുന്നു എന്നു മാത്രമമേയുള്ളു. കേസില്‍ ഞാന്‍ കോടതിയില്‍ സറണ്ടര്‍ ആവുന്നതിനു മുന്‍പ് കാക്കനാട് ഷോപ്പില്‍ വന്നിരുന്നു. അവിടെ അന്വേഷിച്ചപ്പോള്‍ എല്ലാവരും ആലുവയില്‍ ആണെന്നു പറഞ്ഞു. ഞാന്‍ ഇപ്പോള്‍ ഇത് എഴുതാന്‍ കാരണം, ഈ കേസില്‍ പെട്ടതോടു കൂടി എന്റെ ജീവിതം തന്നെ അവസാനിച്ച പോലെയാണ്.
എനിക്ക് എന്റെ കാര്യം നോക്കണ്ട കാര്യമില്ല. എന്നെ വിശ്വസിച്ച് ഈ കൂട്ടത്തില്‍ നിന്ന അഞ്ചു പേരെ എനിക്കു സേഫ് ആക്കിയേ പറ്റൂ. പലരും നിര്‍ബന്ധിക്കുന്നുണ്ട്. നീ എന്തിനാ ബലിയാട് ആവുന്നതെന്ന്, നീ നിന്നെ ഏല്‍പ്പിച്ചയാളുടെ പേരു പറയുകയാണെങ്കില്‍ നടി പോലും എന്നോടു മാപ്പുപറയുമായിരുന്നു. നടിയുടെ ആളുകളും ചേട്ടന്റെ ശത്രുക്കളും എന്നെ വന്നു കാണുന്നുണ്ട്. ചേട്ടന് എന്റെ കാര്യം അറിയാന്‍ ഒരു വക്കീലിനെ എങ്കിലും എന്റെ അടുത്തേക്കു വിടാമായിരുന്നു. അതുണ്ടായില്ല. ഞാന്‍ നാദിര്‍ഷായെ വിളിച്ചു കാര്യങ്ങള്‍ സൂചിപ്പിച്ചിരുന്നു. അവിടുന്നും എനിക്കു മറുപടിയൊന്നും വന്നില്ല. ഫോണ്‍ വിളിക്കാത്തതിനു കാരണം എന്താണെന്ന് അറിയാമല്ലോ. ഞാന്‍ എന്താണു ചെയ്യേണ്ടതെന്നു മാത്രം പറഞ്ഞാല്‍ മതി. എന്നെ ഇനി ശത്രുവായിട്ടു കാണണോ മിത്രമായിട്ടു കാണണോ എന്ന് എനിക്ക് അറിയേണ്ട കാര്യമില്ല. എനിക്കിപ്പോള്‍ പൈസയാണ് ആവശ്യം. ചേട്ടന് എന്റെ അടുത്തേക്ക് ഒരു ആളെവിടാന്‍ ബുദ്ധിമുട്ടൊന്നും ഇല്ല. ഈ കത്തു കിട്ടികഴിഞ്ഞു മൂന്നു ദിവസം ഞാന്‍ നോക്കും. ചേട്ടന്റെ തീരുമാനം അതിനു മുന്‍പ് എനിക്ക് അറിയണം. സൗണ്ട് തോമ മുതല്‍ ജോസേട്ടന്‍സ് പൂരം വരെയുള്ള കാര്യങ്ങള്‍ ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. ഈ കത്ത് എഴുതാനുള്ള സാഹചര്യം എന്താണന്ന് മനസിലാകുമല്ലോ. നാദിര്‍ഷയെ ഞാന്‍ വിശ്വസിക്കണോ വേണ്ടയോ എന്ന് ഈ കത്ത് വായിച്ച ശേഷം ദിലീപേട്ടന് പറയുക.
ഞാന്‍ ഒരാഴ്ച കഴി!ഞ്ഞാന്‍ നിലവിലെ വക്കീലിനെ മാറ്റും. ചേട്ടന് ആലോചിച്ചു തീരുമാനം എടുക്കുക, എനിക്കു ചേട്ടന് തരാമെന്നു പറഞ്ഞ പൈസ ഫുള്‍ ആയിട്ട് ഇപ്പോള്‍ വേണ്ട. അഞ്ചു മാസം കൊണ്ടു തന്നാല്‍ മതി. ഞാന്‍ നേരിട്ട് നാദിര്‍ഷായെ വിളിക്കും അപ്പോള്‍ എനിക്കു തീരുമാനം അറിയണം.
നാദിര്‍ഷായെ വിളിക്കുന്നത് ചേട്ടന് ഇഷ്ടമല്ലെങ്കില്‍ എന്റെ അടുത്തേക്കു ആളെ വിടുക. അല്ലെങ്കില്‍ എന്റെ ജയില്‍ നമ്പറിലേക്ക് ഒരു മുന്നൂറു രൂപ മണിഓര്‍ഡര്‍ അയക്കുക. മണി ഓര്‍ഡര്‍ കിട്ടിയാല്‍ ഞാന്‍ വിശ്വസിച്ചോളാം ചേട്ടന് എന്നെ ഇപ്പോഴും ഉപേക്ഷിച്ചിട്ടില്ലെന്ന്. എന്റെ ആര്‍പി നമ്പര്‍ 8813 കെയര്‍ ഓഫ് സൂപ്രണ്ട്. ജില്ലാ ജയില്‍ എറണാകുളം, സുനില്‍. ഈ അഡ്രസില്‍ അയച്ചാല്‍ മതി. ഇനി ഞാന്‍ കത്തു നീട്ടുന്നില്ല. ഏതെങ്കിലും വഴി എന്നെ സമീപിക്കുക, ഒരുപാടു കാര്യങ്ങള്‍ നേരിട്ടു പറയണമെന്നുണ്ട്. ഇനി എപ്പോള്‍ അതു പറയാന്‍ പറ്റും എന്നറിയില്ല. എനിക്ക് ഇനീം സമയം കളയാനില്ല. ചേട്ടനെ ഇതുവരെ ഞാന്‍ കൈവിട്ടിട്ടും ഇല്ല. ഇനി എല്ലാം ചേട്ടന് ആലോചിച്ചു ചെയ്യുക. ചേട്ടന്റെ തീരുമാനം എന്തായാലും എന്നെ നേരിട്ട് അറിയിക്കാന്‍ നോക്കണം. ഞാന്‍ ജയിലില്‍ ആണെന്നുള്ള കാര്യം ഓര്മ വേണം. മറ്റാരെങ്കിലും എന്റെ കാര്യം പറഞ്ഞു വന്നാല്‍ അതു വിശ്വസിക്കേണ്ട. എനിക്ക് അനുകൂലമായ കാര്യങ്ങളാണു കത്തുവായിച്ചിട്ടു പറയാനുള്ളതെങ്കില്‍ ഈ കത്തു കൊണ്ടുവരുന്ന വിഷ്ണുവിന്റെ അടുത്ത് പറയുക. ഈ കത്തു വായിക്കുന്നവരെ ഞാന്‍ ചേട്ടനെ സേഫാക്കിയിട്ടേയുള്ളു.
എനിക്ക് ഇപ്പോള്‍ പൈസ ആവശ്യമുള്ളതുകൊണ്ടു മാത്രമാണ് ഞാന്‍ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്. കാണാന്‍ ഒരുപാടു ശ്രമിച്ചതാണ്. നടക്കാത്തതു കൊണ്ടാണ് കാക്കനാട് ഷോപ്പില്‍ പോയത്. കത്ത് വായിച്ചതിനു ശേഷം തീരുമാനം എന്തായാലും എന്നെ അറിയിക്കുക. എനിക്കു ചേട്ടന് അനുകൂലമാണെങ്കില്‍ കത്തുമായി വരുന്ന ആളോടു പറയുക. ബാക്കി കാര്യങ്ങള്‍ ഞാന്‍ അടുത്ത കത്തില്‍ അറിക്കാം. എന്ന് വിശ്വസ്തതയോടെ…