കൊച്ചിയില്‍ അര്‍ധരാത്രി സിനിമനടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തിലെ പ്രധാന പ്രതി പള്‍സര്‍ സുനിയുടെത് ക്രിമിനല്‍ പശ്ചാത്തലം. നിരവധി ക്വട്ടേഷന്‍ സംഘങ്ങളുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്നാണ് പോലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. സുനിലിന്റെ പേരില്‍ കൊച്ചിയിലെ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകള്‍. പെരുമ്പാവൂര്‍ സ്വദേശിയായ ഇയാളുടെ പേരില്‍ പിടിച്ചുപറി, മോഷണം, ക്വട്ടേഷന്‍ പ്രവര്‍ത്തനം തുടങ്ങി നിരവധി കേസുകളാണ് വിവിധ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതൊന്നും അറിയാതെയായിരുന്നു ഇയാളെ നടി ജോലിക്കെടുത്തത്.
പിന്നീട് സുനിയുടെ ക്രിമിനല്‍ പശ്ചാത്തലം അറിഞ്ഞതോടെ നടി ഇയാളെ ജോലിയില്‍നിന്നു പുറത്താക്കി. നടിയുടെ അടുത്ത കൂട്ടുകാരിയുടെ ഭര്‍ത്താവാണ് സുനിയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയിച്ചതെന്നാണ് സിനിമമേഖലയില്‍ നിന്നു ലഭിക്കുന്ന വിവരം. അപകടകാരിയായ സുനിയെ ഒപ്പം കൂട്ടുന്നത് വലിയ പ്രശ്നനങ്ങള്‍ക്ക് കാരണമാകുമെന്ന് ഇവരെ അറിയിക്കുകയായിരുന്നു. ഇതാണ് ആക്രമണത്തിന് സുനിലിനെ പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ നിഗമനം.
സംവിധായകന് ലാലിന്റെ മകന് ജൂണിയര്‍ ലാല്‍ സംവിധാനം ചെയ്യുന്ന ഹണി ബി 2 എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സംഘത്തില്‍ സുനിലുമുണ്ട്. അഭിനേതാക്കളെ ഹോട്ടല്‍ റൂമിലെത്തിക്കുന്ന ചുമതലയായിരുന്നു ഇയാള്‍ക്കുണ്ടായിരുന്നത്. സുനിലിന്റെ നിദേശപ്രകാരമാണ് മാര്ട്ടിന് എന്നയാള്‍ നടിയുടെ കാര്‍ ഓടിക്കാന്‍ കഴിഞ്ഞ ദിവസം എത്തിയത്. തട്ടിക്കൊണ്ടുപോകാല്‍ പദ്ധതി മാര്‍ട്ടിനും സുനിലും ഉള്‍പ്പെട്ട സംഘം മുന്‍കൂട്ടി തയ്യാറാക്കിയതാണെന്നും പൊലീസ് സംശയിക്കുന്നു. സുനില്‍ ഉള്‍പ്പെട്ട സംഘമാണ് തന്നെ ആക്രമിച്ചതെന്നും അവര്‍ തന്റെ വീഡിയോയും ചിത്രങ്ങളും പകര്‍ത്തിയെന്നും നടി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
അതേസമയം, ലൈംലൈറ്റില്‍ നില്ക്കുന്ന ഒരു നടിക്കെതിരേ ഇത്ര വലിയൊരു ആക്രമണമുണ്ടായിട്ടും സിനിമമേഖലയില്‍ നിന്നാരും ഇതുവരെ പ്രതിഷേധവുമായി എത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. സംവിധായകന് കമലിന് നല്കിയ പിന്തുണ പോലും നടിക്ക് നല്‍കിയില്ലെന്ന പൊതുവികാരവും സിനിമലോകത്തു തന്നെ ഉയരുന്നുണ്ട്.