കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സുപ്രീംകോടതിയില്‍നിന്നു ജാമ്യത്തിലിറങ്ങിയ ഒന്നാംപ്രതി പള്‍സര്‍ സുനിയുടെ “ലക്ഷ്വറി യാത്ര’യ്ക്ക് പിന്നിലാരെന്ന് സ്പെഷല്‍ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.
ഇടത്തരം സാമ്പത്തിക പശ്ചാത്തലത്തിലുള്ള സുനില്‍ വിചാരണയ്ക്കായി അടക്കം കോടതിയിലെത്തുന്നത് കാല്‍കോടി രൂപയോളം വിലവരുന്ന ആഡംബര വാഹനങ്ങളിലാണ്. ജാമ്യത്തിലിറങ്ങിയ പ്രതിയുടെ സാമ്പത്തിക ഉറവിടത്തെപ്പറ്റിയും സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി.
വിചാരണയിലെ കാലതാമസം പരിഗണിച്ചാണ് നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി സുപ്രീംകോടതിയില്‍നിന്ന് ജാമ്യത്തിലിറങ്ങിയത്. എറണാകുളം സബ് ജയിലില്‍നിന്ന് ഏഴരവര്‍ഷത്തിനുശേഷം ഇക്കഴിഞ്ഞ 20ന് രണ്ടു ലക്ഷം രൂപയുടെ ആള് ജാമ്യത്തിലാണ് സുനി പുറത്തിറങ്ങിയത്.
അതിനു ശേഷം സെപ്റ്റംബര്‍ 26 ന് എറണാകുളം ജില്ല മജിസ്ട്രേറ്റ് കോടതിയില്‍ രണ്ടാം ഘട്ട വിചാരണയ്ക്കായി പള്‍സര്‍ സുനിയെത്തിയത് 30 ലക്ഷം രൂപ വില വരുന്ന കിയ കാര്‍ണവല്‍ എന്ന ആഢംബര കാറിലായിരുന്നു. തൊട്ടടുത്ത ദിവസം 16 മുതല്‍ 20 ലക്ഷം രൂപ വില വരുന്ന ഥാര്‍ ജീപ്പിലാണ് കോടതിയില്‍ എത്തിയത്.
കെഎല്‍ 66 ഡി 4000 കുട്ടനാട് ആര്‍ടിഒ രജിസ്ട്രേഷനിലുള്ള ഈ വാഹനം കുഞ്ഞുമോളെന്ന വ്യക്തിയുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇടത്തരം സാമ്പത്തിക പശ്ചാത്തലത്തിലുള്ള സുനിക്ക് എവിടെ നിന്നാണ് ഈ ആഢംബര വാഹനങ്ങള്‍ ലഭിക്കുന്നതെന്നത് പോലീസിനെ പോലും ഞെട്ടിപ്പിച്ചിരിക്കുകയാണ്.
വീട്ടിലും പോലീസ് നിരീക്ഷണം
സുനിയുടെ പെരുമ്പാവൂരിലെ കോടനാടുള്ള വീടും പോലീസ് നിരീക്ഷണത്തിലാണ്. ഒരൊറ്റ സിം മാത്രം ഉപയോഗിക്കണമെന്ന വ്യവസ്ഥ സുനില്‍ പാലിക്കുന്നുണ്ടോ എന്നതും പോലീസ് പരിശോധിക്കുന്നുണ്ട്. അടുത്ത ബന്ധുവിന്റെ പേരിലുള്ള സിമ്മില്‍നിന്ന് സുനി പലരെയും ബന്ധപ്പെടുന്നുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.
നേരത്തെ ചില അഭിനേതാക്കളുടെ ഡ്രൈവറായിരുന്ന ഇയാളുടേത് സാധാരണ കുടുംബ പശ്ചാത്തലമാണ്. ഏഴര വര്‍ഷത്തിനിടെ ലീഗല്‍ സര്‍വീസസ് അഥോറിറ്റി സഹായത്തിലായിരുന്നില്ല സുനി ജാമ്യാപേക്ഷയുമായി കോടതിയിലെത്തിയത്. സ്വന്തം അഭിഭാഷകന് വഴിയാണ് ഓരോ തവണയും കേസുമായി മുന്നോട്ടു പോയതും.
പത്താം തവണയും അപേക്ഷ തള്ളിയ ഹൈക്കോടതി തുടര്‍ച്ചയായി ജാമ്യഹര്‍ജി ഫയല്‍ ചെയ്തതിന് 25,000 രൂപയും സുനിക്ക് പിഴയും ചുമത്തുകയുണ്ടായി. സാമ്പത്തിക സഹായവുമായി സുനിലിന് പിന്നില്‍ ആരൊക്കെയോ ഉണ്ടെന്ന ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന്റെ പരാമര്‍ശവും ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് വിചാരണ വൈകുന്നതിലെ ആനുകൂല്യത്തില്‍ പ്രതിക്ക് സുപ്രീം കോടതി ജാമ്യം നല്‍കിയത്.