ശ്രീനഗർ: പുൽവാമ ഭീകരാക്രമണക്കേസിൽ സുപ്രധാന വഴിത്തിരിവ്. ചാവേർ സ്ഫോടനം നടത്തിയ ആദിൽ അഹമ്മദ് ദാറിനു താമസസൗകര്യമൊരുക്കിയ അച്ഛനെയും മകളെയും ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) അറസ്റ്റ് ചെയ്തു.
ട്രക്ക് ഡ്രൈവറായ താരിഖ് അഹമ്മദ് ഷാ(50), മകൾ ഇൻഷാ ജാൻ എന്നിവരാണു പുൽവാമയിലെ ഹക്രിപോറയിൽനിന്ന് അറസ്റ്റിലായത്. ജമ്മുവിലെ കോടതിയിൽ ഹാജരാക്കിയ ഇരുവരെയും എൻഐഎ കസ്റ്റഡിയിൽ വിട്ടു.
2019 ഫെബ്രുവരി 14നു പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ 40 സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിച്ചിരുന്നു.
ചാവേറായ ആദിൽ അഹമ്മദ് ദാർ, പാക്കിസ്ഥാൻ ഭീകരരായ മുഹമ്മദ് ഉമർ ഫാറൂഖ്, കമ്രാൻ(ഇരുവരും പിന്നീട് സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു), ജയ്ഷ് ഭീകരനായ സമീർ അഹമ്മദ് ദാർ, പാക് ഭീകരൻ ഇസ്മായിൽ എന്നിവർ തന്റെ വീട് ഉപയോഗിച്ചുവെന്നു ചോദ്യംചെയ്യലിൽ താരിഖ് അഹമ്മദ് ഷാ വെളിപ്പെടുത്തി.
പുൽവാമയിൽ സിആർപിഎഫ് സംഘത്തിനു നേർക്ക് ഭീകരർ ആക്രമണം ആസൂത്രണം ചെയ്തത് താരിഖ് അഹമ്മദ് ഷായുടെ വീട്ടിൽവച്ചായിരുന്നു.
ദാറിന്റെ വീഡിയോ ദൃശ്യങ്ങൾ ഇവിടെവച്ചായിരുന്നു റെക്കോർഡ് ചെയ്തത്. ഈ വീഡിയോ പിന്നീട് ജെയ്ഷ്-ഇ-മുഹമ്മദ് പുറത്തുവിട്ടിരുന്നു.
2018-2019 കാലത്ത് പതിനഞ്ചിലേറെ തവണയായിരുന്നു ഷായുടെ വീട്ടിൽ ഭീകരർ താമസിച്ചത്. ഓരോ തവണയും രണ്ടു മുതൽ നാലു ദിവസംവരെ ഭീകരർ വീട്ടിൽ തങ്ങിയിരുന്നു.
ഇവർക്ക് ഭക്ഷണമൊരുക്കുകയും മറ്റു സഹായങ്ങൾ എത്തിക്കുകയും ചെയ്തത് ഇൻഷാ ജാൻ ആയിരുന്നു.
ബോംബ് നിർമാണത്തിൽ വൈദഗ്ധ്യമുണ്ടായിരുന്ന പാക് ഭീകരൻ മുഹമ്മദ് ഉമർ ഫാറൂഖുമാായി ഇൻഷാ ജാൻ നിരന്തരം ബന്ധം പുലർത്തിയിരുന്നു.
ടെലിഫോണിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയുമായിരുന്നു ഇരുവരും ബന്ധം പുലർത്തിയിരുന്നത്. ഫാറൂഖ് കൊല്ലപ്പെടുന്നതുവരെ അതു തുടർന്നു.
താരിഖ് അഹമ്മദ് ഷായുടെയും ഇൻഷാ ജാനിന്റെയും അറസ്റ്റ് പുൽവാമ ഭീകരാക്രമണക്കേസിൽ വഴിത്തിരിവായിരിക്കുകയാണ്. ആക്രമണം നടത്തിയവരും ഗൂഢാലോചന നടത്തിയവരുമായ അഞ്ചു പേർ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു.
ഇതോടെ കേസിൽ അന്വേഷണം വഴിമുട്ടിയ അവസ്ഥയിലായിരുന്നു.